Tuesday, June 19, 2012

മുസ്ലീം -ദലിത് ബന്ധങ്ങള്‍


ഗെയ്ല്‍ ഓംവെത്.

ഗെയ്ല്‍ ഓംവെത്‌
ഇസ്ലാം സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും മതമാണ്. ബുദ്ധ മതത്തിന്റെ പരാജയശേഷം ഇന്ത്യയില്‍ നൂറ്റാണ്ടുകളോളം ഈ മൂല്യങ്ങള്‍ അത് കാത്തു സൂക്ഷിച്ചു. മുസ്ലീങ്ങളായവര്‍ പരിമിതികളില്‍ നിന്ന് രക്ഷപ്പെട്ടു എന്നു മാത്രമല്ല, മുസ്ലീം ഭരണം ഭക്തിപ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്കുവേണ്ട സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലം ഒരുക്കുകയും ചെയ്തു. ഈ പ്രസ്ഥാനങ്ങളില്‍ ദലിതുകളും കീഴ്ജാതിക്കാരും മതസമത്വം തേടി. അള്ളാവില്‍ നിന്ന് ഏറെ വിഭിന്നമല്ലാത്ത ഒരു പരംപൊരുളിനോടുള്ള ഭക്തിയാണ് അവര്‍ ആവിഷ്‌കരിച്ചത്. ചെറുതും വലുതുമായ കള്‍ട്ടുകള്‍ ഒരേകാലത്ത് ഉയര്‍ന്നുവന്നു. ബഹുജനങ്ങള്‍ പുണ്യാത്മാക്കളെ അവരുടെ വിശ്വാസപ്രമാണം എന്താണെന്നു നോക്കാതെ സ്മാരകവല്‍ക്കരിച്ചു. സിഖിസം, കബീര്‍ പന്ഥ്,  ഇത്യാദി വലിയ കള്‍ട്ടുകള്‍ ഈയടുത്ത കാലം വരെ വേറിട്ട മതങ്ങളായോ ഹിന്ദു മതത്തിന്റേയോ ഇസ്ലാമിന്റേയോ ഭാഗമായി കണ്ടിരുന്നില്ല. 

കൊളോണിയല്‍ കാലത്തിനുമുമ്പ് അഖിലേന്ത്യാ തലത്തില്‍ ഒരു മുസ്ലിം സമുദായമോ ഒരു ഹിന്ദു സമുദായമോ ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ സംസ്‌കാരം സങ്കീര്‍ണ്ണവും ബഹുത്വമാര്‍ന്നതും ആയിരുന്നു.ഈ അവസ്ഥയാണ് ബ്രിട്ടീഷ് ഭരണകാലത്ത് വമ്പിച്ച മാറ്റത്തിന് വിധേയമായത്. ആധുനികപാണ്ഡിത്യവും ആര്യന്‍സിദ്ധാന്തവും മുസ്ലീങ്ങളോ കൃസ്ത്യാനികളോ അല്ലാത്തവരെ മുഴുവന്‍ ഹിന്ദുക്കള്‍ എന്ന ഗണത്തില്‍ പെടുത്തുക എന്ന ബ്രിട്ടീഷ് പ്രവണതയും മുതലെടുത്ത് ബ്രാഹ്മണ വരേണ്യ വര്‍ഗ്ഗം ഇപ്പോള്‍ ഹിന്ദുമതം എന്നുവിളിക്കുന്ന സങ്കല്‍പ്പനം കരുപ്പിടിപ്പിക്കുക ആയിരുന്നു. ഇതാണ് ഇന്ത്യന്‍ ജനതയുടെ ദേശീയ മതം എന്നും അവര്‍ ഉദ്‌ഘോഷിച്ചു. പക്ഷെ അത് വേദങ്ങളെയാണ് പ്രഭവപ്രഭാവമായി കണക്കാക്കിയത്. സംസ്‌കൃത പാരമ്പര്യത്തോടായിരുന്നു അതിന്റെ കൂറത്രയും.മുമ്പ് 'ഹിന്ദു' എന്ന പദം ഇന്ത്യ എന്ന പ്രദേശത്തെ കുറിക്കുന്നതായിരുന്നു. ഇസ്ലാമിക ലോകം അതിനെ 'അല്‍-ഹിന്ദ്'എന്നു വിളിച്ചു.
പക്ഷെ,പിന്നെപ്പിന്നെ മതവും രാഷ്ട്രവും കുറിക്കാന്‍ ആ പദം മതിയെന്നായി.ഈ കാലഘട്ടത്തിലാണ് ഭൂരിപക്ഷം വരുന്ന ബഹുജനങ്ങള്‍ ക്രമേണ 'ഹിന്ദുക്കള്‍' ആയി സ്വയം കരുതിത്തുടങ്ങുന്നത്.ഈ സംവര്‍ഗ്ഗത്തിനു പുറത്ത്,വിപരീതം നില്‍ക്കുന്നവരെല്ലാം സ്വയം മുസ്ലീങ്ങളായും കണ്ടു തുടങ്ങി.മുസ്ലീങ്ങള്‍ക്കുള്ളിലാകട്ടെ,ഒരു യാഥാസ്ഥിതിക ഇസ്ലാമിക സ്വത്വത്തിന് ഊന്നതല്‍ വര്‍ദ്ധിച്ചു.ഈ പ്രക്രിയയാണ് വൈവിധ്യമാര്‍ന്നതും,പലപ്പോഴും പ്രാദേശികവുമായ ആത്മീയ സത്യങ്ങളാകെ രണ്ട് 'വന്‍' മതസമുദായങ്ങളുടെ ചുഴിക്കുത്തിലേക്ക് വലിച്ചെടുക്കപ്പെടുന്നത്.

ദലിതുകള്‍ ഈ പ്രക്രിയയില്‍ കുടുങ്ങി.അവരെ 'ഹിന്ദുക്കള്‍' എന്നു നിര്‍വ്വചിച്ചു.പക്ഷെ അവര്‍ക്ക് യാഥാസ്ഥിതിക ഹിന്ദുമതത്തിനകമേ ഒരു അവകാശവും ഉണ്ടായിരുന്നില്ല.ഭക്തിപ്രസ്ഥാനക്കാരുടെ ക്ഷേത്രങ്ങളിലേക്കുപേലും അവര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.ഗാന്ധിയുള്‍പ്പെടെ വരേണ്യ ദേശീയവാദികള്‍ മിക്കവരും വാദിച്ചത് ദളിതര്‍ ഒരു 'വൈദേശിക'മതവുമായി താദാത്മ്യം കാണുന്നതിനു പകരം 'സ്വന്തം' മതം പരിഷ്‌കരിക്കാന്‍ ശ്രമിക്കണം എന്നാണ്.ഹിന്ദുമതം ഒരിക്കലും ദലിതര്‍ക്ക് മതപരമായോ സാമൂഹികമോ ആയ അവകാശങ്ങള്‍ നല്‍കിയിട്ടില്ല.അത് വൈദികമതമാണ്.അങ്ങനെയുള്ള ഹിന്ദുമതത്തിന്റെ ഭാഗമാണ് ദലിതര്‍ എന്നു പറയണമെങ്കില്‍ നിര്‍വ്വചനം വല്ലാതെ നീട്ടേണ്ടി വരും.ഇത് അടിച്ചേല്‍പ്പിക്കപ്പെട്ടതും അസാധാരാണവുമായ ഒരു നിര്‍വ്വചനമാവുകയും ചെയ്യും.

കൊളോണിയല്‍ കാലഘട്ടത്തിലും മുസ്ലീങ്ങളും ദലിതരും മിക്കപ്പോഴും സഖ്യമായിരുന്നു.അവര്‍ക്ക് പൊതുവായ ഒരു ഭയവുമുണ്ടായിരുന്നു-അധീശത്വം പുലര്‍ത്തുന്ന ബ്രാഹ്മണത്വത്തെ.ഇതിന് ഭയമെന്നും വെറുപ്പെന്നും പറയാം.'പാക്കിസ്ഥാന്‍ ചിന്തകള്‍' എന്നഗ്രന്ഥത്തില്‍ അംബേദ്കര്‍ ചൂണ്ടിക്കാണിച്ചതുപോലെ 1920-37 കാലഘട്ടത്തില്‍ കുളങ്ങള്‍,നിരത്തുകള്‍,വിദ്യാലയങ്ങള്‍ എന്നിവ അസ്പൃശ്യര്‍ക്കുകൂടി പ്രാപ്യമാകുന്നതടക്കം ഉള്ള പരിഷ്‌കാര പരിപാടികളിലൂടെ രാഷ്ട്രനിര്‍മ്മാണ യജ്ഞത്തില്‍ വലിയ പങ്കു വഹിച്ചത് പ്രവിശ്യനിയമസഭകളില്‍ പദവികളിലിരുന്നും കൂട്ടായ്മകള്‍ ചമച്ചും മുസ്ലീങ്ങളും ദലിതരും അബ്രാഹ്മണരുമായിരുന്നു.ബംഗാള്‍ പോലെയുള്ള സ്ഥലങ്ങളില്‍ നാമശൂദ്ര(ദലിത്)പ്രസ്ഥാനവും മുസ്ലീങ്ങളും തമ്മില്‍ ശക്തമായ ഒരു രാഷ്ടീയ സഖ്യംതന്നെ ഉണ്ടായി.ഇരുകൂട്ടരിലും മിക്കവരും ഭൂപ്രഭുക്കള്‍ക്കെതിരായി പ്രക്ഷോഭം നടത്തുന്ന കുടിയാന്മാരായിരുന്നു എന്നതുകൊണ്ട് ആ സഖ്യം ശക്തിയാര്‍ജിച്ചു.

എന്നാല്‍ ഈ സഖ്യങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും ശക്തമായ ഒരു താത്വികാടിസ്ഥാനം ഉണ്ടാക്കാനായില്ല.ഇന്നും ദലിതരില്‍ മിക്കവര്‍ക്കും ഹിന്ദുക്കള്‍ എന്നോ 'മുസ്ലീങ്ങള്‍' എന്നോ അറിയപ്പെടാന്‍ ഇഷ്ടമല്ല. മുസ്ലീങ്ങള്‍ക്ക് ഇത് മനസ്സിലായില്ല.ജാതിവ്യവസ്ഥ യുടെമര്‍ദ്ദകസ്വഭാവം സനസ്സിലാക്കി പെരുമാറുന്നതില്‍ അവര്‍ പരാജയപ്പെട്ടു.മുസ്ലീങ്ങള്‍ കൂടുതല്‍ കൂടുതല്‍ യാഥാസ്ഥിതികര്‍,കൂടുതല്‍ 'ഉദാരവാദികള്‍' എന്നിങ്ങനെ വിഭജിതമായപ്പോള്‍ ഈ കൂടുതല്‍ 'ഉദാരവാദ'പരമായ സമീപനപനത്തിന് ഒരു ചട്ടക്കൂട് ലഭ്യമാക്കിയത് ഗാന്ധിയന്‍ നയങ്ങളാണ്.കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ക്ക്(ഈ പ്രക്രിയയില്‍ ഇടതുപക്ഷം അപ്രസക്തമായിരുന്നു,കാരണം അവര്‍ സംസ്‌കാരത്തിന്റെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തില്ല)കോണ്‍ഗ്രസിന്റെ ഒരു മുഖ്യപരിപാടിയായി ഗാന്ധി-ഹിന്ദു മുസ്ലീം മൈത്രിയെ അവതരിപ്പിച്ചു.ഹിന്ദുമതത്തിന് അകമേയുള്ള ബ്രാഹ്മണ മേല്‍ക്കോയ്മ അംഗീകരിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഐക്യമായിരുന്നു,അത്.'റാം-റഹീം' എന്ന പ്രയൊഗത്തില്‍ 'റഹീം' പ്രതിനിധാനം ചെയ്തത് എന്തെന്നുള്ള വിഷയം അവിടെയിരിക്കട്ടെ.'റാം' എന്നതുകൊണ്ട് വിവക്ഷിക്കപ്പെട്ടത് തപശ്ചര്യ അനുഷ്ഠിക്കാന്‍ ശ്രമിച്ച ശൂദ്രനായ ശംബുകനെ കൊന്ന ഫ്യൂഡല്‍,ജാത്യനുകൂല,പിതൃദായക്രമാനുകൂല സ്വഭാവിയായ ഒരു രാജാവിനെയായിരുന്നു.'രാമരാജ്യ'ത്തിന് ദലിതര്‍ക്ക് യാതൊന്നും വാഗ്ദാനം ചെയ്യാനില്ലായിരുന്നു.അവരെ 'ഹിന്ദുസമുദായ'ത്തിന്റെ ഭാഗമായി കണക്കാക്കണം എന്ന് ഗാന്ധി ശഠിച്ചു.അങ്ങനെയാണ് അദ്ദേഹം ഹിന്ദുക്കളുടെ കാര്യത്തില്‍ ഒരിക്കലും കാണിക്കാത്തത്ര ആവേശത്തോടെ ദലിതര്‍ക്ക് പ്രത്യേക നിയോജകമണ്ഡലം എന്ന ആശയത്തെ ചെറുത്തത്.ദലിതര്‍ക്കും മറ്റ കീഴ്ജാതിക്കാര്‍ക്കും മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്ന ജാതിവ്യവസ്ഥയുടെ ചട്ടക്കൂട് അംഗീകരിക്കേണ്ടതുകൂടി ഉള്‍പ്പെട്ട ഒരു ഹിന്ദു-മുസ്ലീം ഐക്യമാണ് ഗാന്ധി വിഭാവനം ചെയ്തത്;അഥവാ ആ ഐക്യത്തിനായി അദ്ദേഹം മുന്നോട്ടുവെച്ച നിബന്ധനകളില്‍ ഇത് അന്തര്‍ലീനമായിരുന്നു.മുസ്ലീങ്ങള്‍ ഹിന്ദുമതത്തില്‍ ഇടപെടേണ്ടതില്ല എന്നും അതില്‍ സൂചനയുണ്ട്.

അംബേദ്കറും മറ്റ് ജാതിവിരുദ്ധ പരിഷ്‌ക്കര്‍ത്താക്കളും ഐക്യത്തിന് മറ്റൊരു അടിത്തറയാണ് ആവശ്യപ്പെട്ടതും മുന്നോട്ടു വെച്ചതും-ബ്രാഹ്മണ്യത്തിനും ജാതിക്കു എതിരായുള്ള പൊതുവികാരം,പക്ഷേ ഉദാരവാദി മുസ്ലീങ്ങള്‍ ഇത് അവഗണിച്ചു.അതേസമയം യാഥാസ്ഥിതിക മുസ്ലീങ്ങളാവട്ടെ,മതപരിവര്‍ത്തനത്തില്‍ കൂടുതല്‍ ഊന്നുകയും ചെയ്തു.ഇത് ദലിതരെ 'ഹിന്ദു' ചട്ടക്കൂടിലേക്ക് തള്ളുന്ന ഒരു അവസ്ഥയുണ്ടാക്കി.ബംഗാളിലും ഹൈദരാബാദിലും സ്വതന്ത്രമുസ്ലീം സംസ്ഥാനങ്ങള്‍ എന്ന ആശത്തെ പിന്‍തുണച്ച ദലിതര്‍ക്കുണ്ടായ അനുഭവം തിക്തമായിരുന്നു.ഇത് ദലിത്-മുസ്ലീം സഖ്യത്തെ കൂടുതല്‍ നിരുത്സാഹപ്പെടുത്തി.ഹൈദരാബാദില്‍ ഗ്രാമീണ ദലിതര്‍ അക്രമത്തിന്റെ രണ്ട് ശൂലമുനകള്‍ക്ക് നടുവില്‍പ്പെട്ടു.ഹിന്ദുക്കളെ റസാക്കര്‍മാര്‍ ആക്രമിച്ചപ്പോഴും ദുരിതമനുഭവിച്ചത് ദലിതരായിരുന്നു.കിഴക്കന്‍ പാക്കിസ്ഥാനിലാകട്ടെ,ദലിതര്‍ മുസ്ലീങ്ങളെ പിന്‍തുണച്ചിട്ടും അവരില്‍ പലരും 'ഹിന്ദുക്കള്‍' എന്ന് മുദ്രകുത്തപ്പെട്ടു,ആക്രമിക്കപ്പെട്ടു.ജോഗേന്ദ്രനാഥ് മണ്ഡലിനെപ്പോലുള്ള നേതാക്കള്‍ക്ക് ഇന്ത്യയിലേക്ക് തിരിച്ചോടേണ്ടിവന്നു. 

സമ്പന്നവും സമത്വസുന്ദരവും ജാതി-പിതൃദായ മുക്തവുമായ ഒരിന്ത്യ കെട്ടിപ്പടുക്കുന്നതിലേക്ക് ഉന്മുഖമായ ഒരു ദലിത്-മുസ്ലീം സഖ്യമേ ശക്തിയാര്‍ജ്ജിക്കൂ.

മുസ്ലീങ്ങല്‍ക്ക് പ്രഥാനമായും മൂന്നുതരത്തില്‍ ഈ സഖ്യത്തിലേക്ക് സംഭാവന ചെയ്യാനാകും;ഒന്ന്,ഭൂതകാലത്തിലെ കലാ ശാസ്ത്രീയ നേട്ടങ്ങല്‍ വീണ്ടെടുക്കുന്ന ഒരു മുസ്ലീം സംസ്‌കാരം പുനര്‍നിര്‍മ്മിക്കുക.ഈ സംസ്‌കാരം ആധുനികതയെ ആശ്ലേിക്കും,ഇസ്ലാമിലെ സമത്വഭാവനയെ ഉള്‍ക്കൊള്ളും,അതിന്റെ സാംസ്‌കാരിക-കലാമേന്മകള്‍ പുനരുജ്ജീവിപ്പിക്കും.യഥാര്‍ഥത്തില്‍ ബഹുത്വത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഒരു സമൂഹത്തില്‍ സ്വത്വം നിലനിര്‍ത്താന്‍ പ്രയത്‌നിക്കുന്ന ഇസ്ലാമിന് ഒരു ഇന്ത്യന്‍ ദേശീയ സമുദായത്തിന്റെ അടിത്തറ പുനര്‍നിര്‍മ്മിക്കുന്നതില്‍ ശക്തമായ ഒരു സാന്നിദ്ധ്യമാകാന്‍ കഴിയും.

 ഇന്ത്യന്‍ സമൂഹത്തില്‍ ബ്രാഹ്മണ്യം മേല്‍ക്കോയ്മ തുടരുകയാണ്.ജാതീയവും ഫ്യൂഡലുമായ നിലപാടുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.ഇതിനെതിരേ പോരാടുക എന്ന പ്രത്യേക കടമ കൂടിയുണ്ട് ഇന്ത്യന്‍ സമൂഹത്തിന് അകമേ പ്രവര്‍ത്തിക്കുന്ന മുസ്ലീങ്ങള്‍ക്ക് എന്നതാണ് രണ്ടാമത്തെ കാര്യം.ബ്രാഹ്മണ്യത്തിന്റെ കടുംകെട്ടില്‍നിന്ന് ഇന്ത്യന്‍ സംസ്‌കാരത്തെ മോചിപ്പിച്ചാല്‍ അത് ഉണ്മയായ ഒരു ദേശീയവികസനത്തിന്റെ അടിത്തറയാകും.ഹിന്ദു-മുസ്ലീം ഐക്യത്തിന് ഗാന്ധിസം മുന്നോട്ടുവെച്ച ചട്ടക്കൂട് അംഗീകരിച്ചുകൊണ്ട് ഇത് സാധ്യമാകില്ല.ദലിതശബ്ദം ശ്രദ്ധിക്കുക,അംബേദ്കറുടേയും ഫൂലെയുടേയും പെരിയാറിന്റേയും ഇയോത്തി താസിന്റേയും ഇന്നത്തെ മായാവതിയുടേയും കാന്‍ഷിറാമിന്റേയും മറ്റുള്ളവരുടേയും ശബ്ദം ശ്രദ്ധിക്കുക-അപ്പോള്‍ മാത്രമേ ഇസ്ലാമിന് ഈ രണ്ടാമത്തെ കടമ ചെയ്യാനാകൂ.

മൂന്നാമത്തെ,പുതിയ വിശ്വാസപ്രമാണം തേടുന്ന ദലിതരോടൊപ്പം ഈ പ്രക്രിയയില്‍ ഇസ്ലാമും ചേരണം.ദലിതരെ ഒരു സ്വാശ്രയസമുദായമായി ആദരിക്കണം;അവര്‍ ബ്രാഹ്മണ്യത്തില്‍നിന്ന് കൂടുതല്‍കൂടുതല്‍ നിര്‍ണ്ണായകമായി അകലുമ്പോള്‍ പലപാട് പോകും;ആ പ്രക്രിയയില്‍ അവരില്‍ ചിലര്‍ ഇസ്ലാമിലേക്ക് തിരിയും. 
  
ജോഗേന്ദ്ര നാഥ് മണ്ഡല്‍

കടപ്പാട്, മുസ്ലീങ്ങളും അംബേദ്കറും മിത്തും യാഥാര്‍ത്ഥ്യവും.ഒലിവ് പബ്ലിക്കേഷന്‍സ്, കോഴിക്കോട്. Taken from : http://www.idaneram.com/2012/05/blog-post_2039.html#more

No comments:

Post a Comment