സൃഷ്ടിപൂജ നിരര്‍ഥകമാണ്
പത്രാധിപര്‍
എഡിറ്റോറിയല്‍
സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു മാത്രമാണ് ആരാധനക്കര്‍ഹനെന്ന് മറയൊന്നുമില്ലാതെ പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം. സൃഷ്ടിപൂജ നിരര്‍ഥകവും മഹാപാപവുമാണെന്ന വസ്തുത ഖുര്‍ആന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. "എന്നാല്‍ യഥാര്‍ഥ രാജാവായ അല്ലാഹു ഉന്നതനായിരിക്കുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. മഹത്തായ സിംഹാസനത്തിന്റെ നാഥനത്രെ അവന്‍. വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ഥിക്കുന്ന പക്ഷം-അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ-അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച.'' (23:116,117)"അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പുരയും ആക്കിയവന്‍. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി. വിശിഷ്ടവസ്തുക്കളില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോള്‍ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു. അവനാകുന്നു ജീവിച്ചിരിക്കുന്നവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ കീഴ്വണക്കം അവന് നിഷ്കളങ്കമാക്കിക്കൊണ്ട് നിങ്ങള്‍ അവനോട് പ്രാര്‍ഥിക്കുക. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്ന് സ്തുതി.'' (40:64,65)
സൃഷ്ടിപൂജയൊഴികെയുള്ള പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുത്തേക്കാമെന്നും എന്നാല്‍ അവനില്‍ പങ്കുചേര്‍ക്കുന്നത് ഒരിക്കലും പൊറുക്കപ്പെടാത്ത മഹാപാപമാണെന്നും ഖുര്‍ആന്‍ ആവര്‍ത്തിച്ച് പഠിപ്പിക്കുന്നു. "തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.'' (4:48)
"തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.'' (4:116)
അല്ലാഹുവല്ലാത്തവരെ ആരാധിച്ചവര്‍ മരണാന്തരജീവിതത്തില്‍ ശക്തമായി ശിക്ഷിക്കപ്പെടുമെന്ന വസ്തുത ഖുര്‍ആന്‍ മനുഷ്യരെ തെര്യപ്പെടുത്തുന്നുണ്ട്. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. എന്നാണ്.'' (5:72)
"നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരംനല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച.'' (40:60)
"തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക് നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്. അവര്‍ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാന്‍ വേണ്ടിയാണത്. തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു.'' (4:56)
സൃഷ്ടിപൂജകര്‍ക്ക് ലഭിക്കുവാനുള്ളത് നിത്യനരകമാണെന്നിരിക്കെ അതിനെകുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും സൃഷ്ടിപൂജയുടെ നിരര്‍ഥകതയില്‍ നിന്ന് അവരെ കരകയറ്റി യഥാര്‍ഥ ദൈവത്തെ ആരാധിക്കുവാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. ഈ ബാധ്യത നിര്‍വഹിച്ചവരാണ് പ്രവാചകന്‍മാര്‍. പ്രസ്തുത ബാധ്യത നിര്‍വഹിക്കുമ്പോള്‍ സൃഷ്ടിപൂജയുടെ നിരര്‍ഥകതയെക്കുറിച്ച് പ്രബോധിതരെ ബോധ്യപ്പെടുത്തേണ്ടിവരും. പ്രവാചകന്മാരെല്ലാം നിര്‍വഹിച്ച ദൌത്യമാണത്. ഇബ്രാഹീം നബി ൌ നിര്‍വഹിച്ച ദൌത്യത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ വിഗ്രഹാരാധനയുടെയും നക്ഷത്രപൂജയുടെയുമെല്ലാം നിരര്‍ഥകത ബോധ്യപ്പെടുത്താന്‍ അവിശ്വാസികള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് വ്യത്യസ്തങ്ങളായ തന്ത്രങ്ങള്‍ പ്രയോഗിച്ചതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. പ്രബോധിതരെ പ്രകോപിപ്പിക്കുകയോ അവരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തയോ ആയിരുന്നില്ല അവര്‍ ചെയ്തത്; പ്രത്യുത അവരെ ചിന്തിപ്പിക്കുകയാണ്. എന്നാല്‍ സൃഷ്ടിപൂജയുടെ ഗുണഭോക്താക്കള്‍ അനുയായികളെ ഇളക്കിവിട്ടുകൊണ്ട് സത്യസന്ദേശത്തിന്റെ പ്രചാരണത്തെ തടസ്സപ്പെടുത്താനാണ് ശ്രമിച്ചത്. പ്രകോപനങ്ങളുണ്ടാക്കിയത് പ്രവാചകന്മാരായിരുന്നില്ല, പ്രത്യുത സൃഷ്ടിപൂജക്ക് നേതൃത്വം നല്‍കിയ പുരോഹിതന്മാരായിരുന്നു. സൃഷ്ടിപൂജയുടെ നിരര്‍ഥകതയെകുറിച്ച് ബോധ്യപ്പെടുത്തുമ്പോഴും അവരുടെ വികാരങ്ങള്‍ വ്രണപ്പെടാതിരിക്കുവാന്‍ പ്രവാചകന്മാര്‍ പരമാവധി പരിശ്രമിച്ചിരുന്നതായി കാണാന്‍ കഴിയും. ഏകദൈവമൊഴിച്ച് ആരാധിക്കപ്പെടുന്നവരെല്ലാം സൃഷ്ടികളും ഒരു ഈത്തപ്പഴക്കുരുവിന്റെ പാടയെപോലും സൃഷ്ടിക്കാന്‍ കഴിവില്ലാത്തവരും പ്രാര്‍ഥനകള്‍ കേള്‍ക്കാത്തവരും ഉത്തരം ചെയ്യാന്‍ നിവൃത്തിയില്ലാത്തവരുമെല്ലാം ആണെന്ന് ഖുര്‍ആന്‍ സമര്‍ഥിക്കുമ്പോഴും, ആരാധിക്കപ്പെടുന്നവരെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുകയോ ഭത്സിക്കുകയോ ചെയ്യുന്നില്ലെന്ന വസ്തുത ശ്രദ്ധേയമാണ്. അല്ലാഹുവല്ലാതെ ആരാധിക്കപ്പെടുന്നവരെ ഭത്സിക്കരുതെന്നും അത് തിരിച്ച് അല്ലാഹുവിനെയും ഭത്സിക്കുന്ന സ്ഥിതിയാണ് സൃഷ്ടിക്കുകയെന്നും ഖുര്‍ആന്‍ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നുണ്ട്. പരസ്പരമുള്ള ഭത്സനം വഴി വൈകാരികമായ കലാപങ്ങളല്ലാതെ ബുദ്ധിപരമായ പരിവര്‍ത്തനങ്ങളുണ്ടാവുകയില്ലെന്നുറപ്പാണ്. അന്യദൈവങ്ങള്‍ ഭത്സിക്കപ്പെട്ടുകൂടായെന്ന ഖുര്‍ആനിക നിര്‍ദേശം ശ്രദ്ധിക്കുക. "അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാന്‍ അത് കാരണമായേക്കും. അപ്രകാരം ഓരോ വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. പിന്നീട് അവരുടെ രക്ഷിതാവിങ്കലേക്കാണ് അവരുടെ മടക്കം. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ അവരെ അറിയിക്കുന്നതാണ്.'' (6:108)
ആള്‍ദൈവങ്ങളുടെ ആലയങ്ങളില്‍ വെച്ച് നടക്കുന്ന തോന്നിവാസങ്ങളും വിഗ്രഹാരാധനാകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പുകളും പുറത്തുവന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സൃഷ്ടിപൂജയുടെ നിരര്‍ഥകത ബോധ്യപ്പെടുത്തേണ്ടുന്ന ബാധ്യത വിശ്വാസികള്‍ക്കുണ്ട്. എന്നാല്‍ ഈ ബാധ്യതാനിര്‍വഹണം വൈകാരികമായ നിലവാരത്തിലേക്ക് ആപതിച്ച് മറ്റുള്ളവരുടെ ആരാധനാകഥാപാത്രങ്ങളെ അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന തലത്തിലേക്ക് പോകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആളുകളില്‍ വൈകാരികമായ മുറിവുകളുണ്ടാക്കുകയല്ല, വിചാരപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ് പ്രബോധകരുടെ ദൌത്യമെന്നത് വിസ്മരിക്കപ്പെട്ടുകൂടാ. അല്ലാഹു അനുഗ്രഹിക്കട്ടെ. (ആമീന്‍)
No comments:
Post a Comment