മകരജ്യോതി മറ നീക്കുമ്പോള്‍ ...
പി.വി.എ പ്രിംറോസ്
കവര്‍സ്റ്റോറി
ശബരിമല ഐതിഹ്യവുമായി ബന്ധപ്പെട്ട മകരജ്യോതി ദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേര്‍ മരിക്കുകയും അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ വിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആരാധനാസമയത്തെ കേവലം അശ്രദ്ധയില്‍ നിന്ന് പരിണമിച്ചുണ്ടായ ദുരന്തം എന്നതിനപ്പുറം വിശ്വാസചൂഷണത്തിന്റെയും കപട ആത്മീയതയുടെയും അനിവാര്യമായ പരിണിതഫലമാണിതെന്ന തലത്തിലേക്ക് വരെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കടന്നുചെന്നിരിക്കുകയാണ്. അന്ധവിശ്വാസങ്ങള്‍ക്ക് അരുനിന്നുവെന്നതിനാല്‍ ഭരിക്കുന്ന ഗവണ്‍മെന്റാണ് ഇതിലെ മുഖ്യപ്രതി എന്ന് രാഷ്ട്രീയക്കാരും, ക്ഷേത്രപരിസരത്തെ സര്‍ക്കാര്‍ ഒരുക്കിയ പരിമിത സൌകര്യങ്ങളാണ് ദുരന്തകാരണമെന്ന ദേവസ്വം ബോര്‍ഡിന്റെ വിശദീകരണവും, അധികാരികള്‍ക്ക് നല്‍കിയ ഹരജിയോടുള്ള നിരുത്തരവാദപരമായ സമീപനമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന യുക്തിവാദീ നിലപാടും, അശാസ്ത്രീയമായ കാഴ്ചപ്പാടുകളുടെ ബാക്കിപത്രമാണിതിന് കാരണമെന്ന സാംസ്കാരിക പ്രമുഖരുടെ വിലയിരുത്തലുമെല്ലാം മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് ചര്‍ച്ചചെയ്തത്. എന്നാല്‍, അതിനേക്കാളേറെ പുതിയ സംഭവം ശ്രദ്ധേയമായത് മകരവിളക്ക് അമാനുഷികമാണെന്ന് തങ്ങള്‍ പറയുന്നില്ലെന്ന ദേവസ്വം ബോര്‍ഡ് അഡ്വക്കറ്റിന്റെ കോടതിമൊഴിയും ഇത്രയും കാലം ദീപം തെളിയിച്ചത് വനമേട്ടിലെ ആദിവാസികളാണെന്ന തന്ത്രി കടുംബത്തിന്റെ കുറ്റസമ്മതവുമാണ്. അതേസമയം മര്‍മപ്രധാനവും തുടര്‍ന്നും നിലനിന്നേക്കാവുന്നതുമായ ഒരു വിശ്വാസചൂഷണത്തിന്റെ വൃത്താന്തം പുറത്തുകൊണ്ടുവരുന്നതില്‍ മലയാള മാധ്യമങ്ങള്‍ വേണ്ടത്ര ഔത്സുക്യം പ്രകടിപ്പിച്ചതായി കണ്ടില്ല. പ്രസ്തുത വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്.ശബരിമലധര്‍മക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മകരം ഒന്നിന് ദീപാരാധനാസമയത്തോടെ ദര്‍ശിക്കുന്ന (അത്ഭുത)പ്രകാശമാണ് മകരജ്യോതിസ്സ്. 'മനുഷ്യജീവിതത്തിന് സായൂജ്യവും പരമാനന്ദവും ലഭിക്കുന്നത് ഈ ജ്യോതിസ്സിന്റെ ദര്‍ശനത്തില്‍ നിന്നാണ് എന്നും, അഭൌമവും പരമാനന്ദ സന്ദായകവുമായ ഈ അത്ഭുതപ്രതിഭാസം ശബരിമല വാണരളുന്ന ഹരിഹരസുതന്റെ അപരിമേയമായ ശക്തിയുടെ ആത്യന്തികമായ വിളയാട്ടമാണ്എന്നും, ലക്ഷക്കണക്കിലുള്ള തീര്‍ഥാടകരുടെ ശരണംവിളികള്‍ സ്വര്‍ഗത്തിലിരിക്കുന്ന ദേവതകളുടെ കര്‍ണപുടങ്ങളില്‍ പതിക്കുമ്പോള്‍ ഭൂമിയിലെ ഈ മഹാദേവന്റെ ദര്‍ശനത്തിനു സമയമായി എന്ന് മനസ്സിലാക്കി ദേവ-കിന്നര-യക്ഷ-ഗന്ധര്‍വാദികള്‍ വരുന്നത് മൂലം ആകാശത്തിന്റെ നിറം മാറുകയും അവരുടെ സാന്നിധ്യത്തിന്റേയും ആരാധനയുടേയും അടയാളമായി കര്‍പ്പൂര ദീപാജ്ഞലി അന്തരീക്ഷത്തില്‍ പ്രത്യക്ഷപ്പെടുകയും ആ ദേവന്മാര്‍ അയ്യപ്പഭഗവാനെ പൂജിക്കുന്നതിനായി വിളക്ക് കത്തിക്കുന്നു എന്നും, അതാണ് മകരജ്യോതി' എന്നുമാണ് ഒരു ശരാശരി അയ്യപ്പഭക്തന്റെ മകരജ്യോതിയോടുള്ള സമീപനം. ഇക്കാര്യത്തെ ശരിവെച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് NDTVയോട് പറഞ്ഞത് ടി.വി മനോജ് എന്ന ബ്ളോഗര്‍ 2011 ജനുവരി 18ന് പോസ്റ് ചെയ്ത Sabarimala-The Recurring Tragedy Caused by State-sponsored Superstition എന്ന ലേഖനത്തില്‍ എടുത്തുകൊടുത്തിട്ടുണ്ട്. പൊന്നമ്പലമേട്ടില്‍ ദീപം തനിയെ തെളിയുന്നതാണെന്നും, ദേവന്മാരാണ് ഈ ദീപക്കാഴ്ച നടത്തുന്നത് എന്നും നിരവധി പുസ്തകങ്ങളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ബന്ധപ്പെട്ടവര്‍ തന്നെ പ്രചരിപ്പിച്ചിട്ടുമുണ്ട്. വി. ബാലകൃഷ്ണനും ഡോ: ആര്‍ ലീലാവതിയും കൂടിയെഴുതിയ ഹൈന്ദവവിജ്ഞാനകോശത്തിന്റെ 932ാം പേജിലും ഇതേകാര്യം പറയുന്നുണ്ട്. എന്നാല്‍ മകജ്യോതിയും മകരവിളക്കും രണ്ടാണെന്നും അതിന്റെ പദസംജ്ഞയിലുള്ള പാരായണഭേദം അവയുടെ വ്യത്യസ്തതയെ കുറിക്കുന്നതാണെന്നുമുള്ള പുതിയ വ്യാഖ്യാനങ്ങള്‍ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നും പുറത്തുവന്നിട്ടുണ്ട്. അക്കാര്യത്തിന്റെ നിജസ്ഥിതി സന്ദര്‍ഭോചിതം സൂചിപ്പിക്കാം.
മകരമാസത്തിലെ ആദ്യദിനത്തില്‍ പന്തളത്തുനിന്ന് ഭക്തരുടെ അകമ്പടിയോടെ തിരുവാഭരണവുമായി പുറപ്പെടുന്ന ക്ഷേത്രാധികൃതര്‍ സന്നിധാനത്തെത്തി പ്രത്യേക പൂജാവിധികളോടെ അയ്യപ്പന് മാലചാര്‍ത്തി നട തുറക്കുന്നതോടെയാണ് മകരവെളിച്ചം ദര്‍ശിക്കുന്നത്. അധികാരികളുടെ വിശദീകരണങ്ങളില്‍ നിന്ന് വിഭിന്നമായി പമ്പയില്‍ നിന്ന് മാത്രമല്ല ശരണവീഥികളിലെ വലിയാനവട്ടം, ചെറിയാനവട്ടം, മരക്കൂട്ടം, ഹില്‍ടോപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വ്യക്തമായി ഈ ജ്യോതിസ്സ് ദര്‍ശിക്കാനാവും. വര്‍ഷങ്ങളായി അനേകലക്ഷം ജനങ്ങളെ ആകര്‍ഷിക്കുന്ന ഈ 'ദിവ്യജ്യോതിസ്സ'ടക്കമുള്ള ശബരിമല ക്ഷേത്രാചാരങ്ങള്‍ക്ക് മുഴുവന്‍ നിമിത്തമായ ഐതിഹ്യം കഴിഞ്ഞ ലക്കത്തില്‍ വിശദമായി സൂചിപ്പിച്ചിരുന്നു.
അയ്യപ്പന്‍ പന്തളം കൊട്ടാരത്തുനിന്ന് മലയാളനാട്ടിലേക്ക് പുറപ്പെടുന്ന വഴി പരശുരാമനെ കണ്ടുമുട്ടുകയും പ്രസ്തുത സ്ഥലത്ത് പരശുരാമന്‍ ഒരു വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തുവെന്നും, അക്കാര്യം പന്തളം രാജാവിനെ അയ്യപ്പന്‍ സ്വപ്നത്തില്‍ അറിയിക്കുകയും രാജാവും പരിവാരങ്ങളും വിഗ്രഹം കണ്ടെടുത്ത സ്ഥലത്ത് ക്ഷേത്രം പണികഴിപ്പിക്കുകയും താഴമണ്‍ പോറ്റിയെ കൊണ്ട് കലശം നടത്തിപ്പിച്ച് എല്ലാ വര്‍ഷവും മകരസംക്രാന്തിദിനത്തില്‍ വാര്‍ഷികം നടത്താന്‍ ഉത്തരവിടുകയും ചെയ്തുവെന്നുമാണ് ശബരിമല ആഘോഷത്തിന്റെ തുടക്കത്തെകുറിച്ചുള്ള സംക്ഷിപ്ത ഐതിഹ്യം. അയ്യപ്പാവതാരത്തെയും വാവരുസ്വാമി ജനനത്തെയും ശബരിമല ചരിത്രത്തെയുംപോലെ ഒരുപാട് അവാന്തര ഐതിഹ്യങ്ങള്‍ മകരജ്യോതിയുമായി ബന്ധപ്പെട്ടും ഉണ്ട്. എന്തൊക്കെയായാലും ചിരപുരാതന കാലം തൊട്ടേ ഹൈന്ദവ ഭക്തരെ വിശ്വാസപരമായും വികാരപരമായും ഏറെ ഉദ്ദീപവിപ്പിച്ചിട്ടുണ്ട്, വര്‍ഷംതോറും നടക്കാറുള്ള ഈ 'ദര്‍ശന സൌഭാഗ്യം' എന്നതിന് സംശയമില്ല. ആഗോളതലത്തില്‍ തന്നെ പ്രിന്റഡ് മീഡിയയും വിഷ്വല്‍ മീഡിയയും ഇതിന് നല്‍കിവരുന്ന അമിത പ്രാധാന്യം ഇക്കാര്യമാണ് വെളിപ്പെടുത്തിത്തരുന്നത്. ദൃശ്യമാധ്യമങ്ങളുടെ വരവിനുമുമ്പ് മകരവിളക്ക് ദര്‍ശനത്തിന്റെ തല്‍സമയവിവരണം റേഡിയോനിലയങ്ങള്‍ ഒരു വാര്‍ഷികോപഹാരമെന്ന നിലയില്‍ ശ്രോതാക്കളെ കേള്‍പിച്ചിരുന്നതായി ഓര്‍ക്കുന്നു. ടെലിവിഷന്റെ ആഗമനത്തോടെ ഇത് 'നല്ലൊരു കാഴ്ചവിരുന്നു'കൂടിയായി മാറി. മണ്ഡലകാലവ്രതവും ഇരുമുടിക്കെട്ടുമില്ലാതെ മകരദര്‍ശനം സാധ്യമായത് വിശ്വാസികള്‍ക്ക് ആശ്വാസത്തിനു വക നല്‍കുന്നതായിരുന്നു; ശേഷമുള്ള കാലങ്ങളില്‍. എന്നാല്‍ തങ്ങള്‍ ഇതുവരെ കണ്ടതെല്ലാം മായക്കാഴ്ചകളായിരുന്നുവെന്നും ദേവസ്വം ബോര്‍ഡും സര്‍ക്കാറും ഇലക്ട്രിസിറ്റി ബോര്‍ഡും ചേര്‍ന്ന് തയ്യാറാക്കിയ അതിസുന്ദരമായൊരു തിരക്കഥയുടെ വിഡ്ഢികളായ കാണികള്‍ മാത്രമാണ് തങ്ങളെന്നും തിരിച്ചറിഞ്ഞിരിക്കുകയാണ്-ഉത്തരവാദപ്പെട്ടവരുടെ കുറ്റസമ്മതത്തിലൂടെ-പാവം ഭക്തരിപ്പോള്‍!
സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരുടെ നിരന്തരഫലമായി, പൊന്നമ്പലമേട്ടില്‍ ദര്‍ശിക്കുന്ന മകരവിളക്ക് അത്ഭുതജ്യോതിയല്ലെന്നും അത് അവിടുത്തെ ആദിവാസികള്‍ കത്തിക്കുന്ന വിളക്കാണെന്നും-ദുരന്തപശ്ചാത്തലത്തില്‍-തുറന്നുസമ്മതിച്ചിരിക്കുകയാണ് ശബരിമലകാര്‍മികരിപ്പോള്‍. അതേസമയം പ്രസ്തുത നടപടിക്രമങ്ങള്‍ തുടരുമെന്നും വരുംവര്‍ഷങ്ങളിലും ആചാരം വിപുലമായി ആഘോഷിക്കുമെന്നുമാണ് ഔദ്യോഗിക വിശദീകരണം. കോടതി വിശദീകരണമാരാഞ്ഞതിന് ദേവസ്വം ബോര്‍ഡ് അഡ്വക്കറ്റ് നല്‍കിയ മറുപടിയിലും ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ട്.
ഇഷ്ടമുള്ളത് വിശ്വസിക്കാനും വിശ്വസിച്ചതിനനുസരിച്ച് കര്‍മാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും ഓരോരുത്തര്‍ക്കും അവകാശമുണ്ട്; തങ്ങളുടെ വിശ്വാസാചാര രംഗങ്ങളില്‍ അത്ഭുതങ്ങള്‍ ദര്‍ശിക്കുന്നതും കുറ്റമൊന്നുമല്ല. അത്ഭുതങ്ങള്‍ എന്നത് ഏതൊരു മതവിശ്വാസിയും നിഷേധിക്കുമെന്ന് തോന്നുന്നില്ല. പ്രപഞ്ചത്തില്‍ മാത്രമല്ല സ്വന്തം ശരീരത്തിലേക്ക് തന്നെ അന്വേഷണബുദ്ധിയോടെ കണ്ണോടിക്കുന്ന ഒരാള്‍ക്ക് സ്രഷ്ടാവിന്റെ സൃഷ്ടിപ്പിലെ കൃത്യതയും അതിലെ അത്ഭുതവും ബോധ്യപ്പെടും. എന്നാല്‍ പുരോഹിതന്മാരും ചൂഷകന്മാരും ദൈവത്തിനിടയില്‍ മധ്യവര്‍ത്തികളെ നിശ്ചയിച്ചതോടെ ഈ വ്യാജദൈവങ്ങളിലും ദിവ്യാത്ഭുതങ്ങള്‍ ആരോപിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ശാസ്ത്രസാങ്കേതികരംഗത്തെ വളര്‍ച്ചയോടു കൂടി ഇതില്‍ പലതും തെറ്റാണെന്നും കബളിപ്പിക്കലാണെന്നും സമൂഹം മനസ്സിലാക്കി. നിര്‍ബന്ധിതാവസ്ഥയില്‍ ഇത്തരം വിശ്വാസചൂഷണങ്ങള്‍ പല കേന്ദ്രങ്ങളും കയ്യൊഴിച്ചെങ്കിലും ചിലരെങ്കിലും പഴമയുടെ 'ആരോപിതവിശുദ്ധി'യില്‍ ഇന്നും നിലകൊള്ളാന്‍ ശ്രമിക്കുകയാണ്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും സന്ദര്‍ശകരുള്ള ശബരിമലയെപ്പോലുള്ള ഒരു തീര്‍ഥാടനകേന്ദ്രത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന വിശ്വാസചൂഷണത്തിന്റെ നിജസ്ഥിതി മാലോകര്‍ തിരിച്ചറിഞ്ഞിട്ടും അത് തുടരുമെന്ന് പറയുന്നതിലെ ധാര്‍ഷ്ട്യം ക്ഷേത്രാധികാരികള്‍ക്കോ അതിന്റെ സാരഥികള്‍ക്കോ ഭൂഷണമല്ല തന്നെ!
പൊന്നമ്പലമേട്ടിലെ മകരജ്യോതി, ആചാരങ്ങളുടെ ഭാഗമായി മനുഷ്യര്‍ ചെയ്യുന്നതാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഇളയമകനായ രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു. മനോരമാ ന്യൂസിനോട് അന്നദേഹം പറഞ്ഞ കാര്യങ്ങള്‍
http://www.youtube.com/watch?v=2vCOTF8-7nM എന്ന യൂട്യൂബ് ക്ളിപ്പില്‍ ഇന്നും കാണാവുന്നതാണ്. എന്നാല്‍ അതിലെ ചൂഷണത്തെക്കുറിച്ച് പരാമര്‍ശിക്കാതെ മകരമാസത്തില്‍ ആകാശത്ത് കാണുന്ന നക്ഷത്രത്തെ പ്രതീകാത്മകമായി പുനര്‍നിര്‍മിക്കുകയാണ് പൊന്നമ്പലമേട്ടിലെ ആദിവാസികള്‍ ചെയ്യുന്നത് എന്നാണ് അദ്ദേഹത്തിന്റെ വാദം. ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ആ നക്ഷത്രദര്‍ശനമാണ് പ്രധാനം എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
18/01/2011ല്‍ ഏഷ്യാനെറ്റില്‍ നടന്ന ചര്‍ച്ചയിലും 2011 ജനുവരി 19ന് CNN IBN ചാനല്‍ ഇന്റര്‍വ്യൂവിലും ഇതേകാര്യം ആവര്‍ത്തിക്കുന്നുണ്ട് അദ്ദേഹം. മാത്രമല്ല 'മുഹമ്മദ് നബി ൃ ആയിശ യേെ വിവാഹം ചെയ്തത് പോലെ, പൊന്നമ്പലമേട്ടില്‍ നടക്കുന്നത് ഒരു കാവ്യാത്മകവര്‍ണനയാണെ'ന്നാണ് അദ്ദേഹം വിവരിക്കുന്നത്. മുസ്ലിംകളാരും നബി ൃയുടെ വിവാഹത്തെ കാവ്യാത്മകമായോ പ്രതീകാത്മകമായോ അല്ല മനസ്സിലാക്കുന്നത് എന്ന വസ്തുത ചര്‍ച്ചക്കെടുത്തില്ലെങ്കില്‍ പോലും, മേല്‍ വാദങ്ങള്‍ ആത്മാര്‍ഥതയോടെയാണ് അദ്ദേഹം പറഞ്ഞതെങ്കില്‍ കപടദര്‍ശനത്തിലൂടെ 'ആത്മസായൂജ്യമടഞ്ഞ' ഭക്തന്മാരില്‍നിന്നും ഉയര്‍ന്നുവന്നേക്കാവുന്ന നിരവധി ചോദ്യള്‍ക്ക് ഉത്തരം പറയാന്‍ രാഹുല്‍ ബാധ്യസ്ഥനാണ്. ഇത്രകാലം ഇക്കാര്യം പ്രബുദ്ധകേരളം ചര്‍ച്ചചെയ്തിട്ടും, തന്റെ അച്ഛന്‍തന്നെ ശബരിമലപൂജകള്‍ക്ക് കാര്‍മികത്വം വഹിച്ചിട്ടും കുടുംബത്തിലെ ഈ ഇളമുറക്കാരനെന്തേ ഇക്കാര്യം തുറന്നുപറയാതെപോയത് എന്നാണതിലെ ഒന്നാമത്തേത്. മാത്രമല്ല, രാഹുല്‍ വിശദീകരിച്ചതുപോലെ മകരനക്ഷത്രത്തെയാണ് ദിവ്യമായി ഗണിക്കുന്നതെങ്കില്‍ അത് ക്ഷേത്രനട തുറക്കുന്ന സമയത്തല്ല പ്രത്യക്ഷപ്പെടാറ്; മാത്രമല്ല, മകരം ഒന്നിന് മാത്രം കാണാവുന്ന പ്രതിഭാസവുമല്ല. മറിച്ച് സന്ധ്യാനേരത്ത് മറ്റു തിയതികളിലും ആകാശത്ത് ഈ നക്ഷത്രദര്‍ശനം സാധ്യമാവും. അപ്പോള്‍ മകരം ഒന്നിലെ ദര്‍ശനത്തിന് മാത്രം എന്തിനിത്ര പ്രാധ്യാന്യം നല്‍കുന്നു? കൂടാതെ ഇത് പമ്പാതീരത്തുനിന്നും മാത്രം കാണാവുന്ന ഒരു ദിവ്യകാഴ്ചയൊന്നുമല്ല. ലോകത്തിന്റെ മറ്റുസ്ഥലങ്ങളില്‍ നിന്നും ഇതേ നക്ഷത്രം വിവിധ സമയങ്ങളിലായി കാണാവുന്നതാണ്. ശബരിമലയുടെ ഭൂമിശാസ്ത്രപരമായ കിടപ്പ് കൊണ്ട് പ്രസ്തുത തിയതികളില്‍ അദ്ദേഹം മകരജ്യോതിയെന്ന് വിശേഷിപ്പിച്ച നക്ഷത്രം കൂടുതല്‍ ശോഭയുള്ളതായി കാണുന്നു എന്ന് മാത്രം.
പൌഷമാസത്തില്‍ സൂര്യന്‍ മകരരാശിയില്‍ വരുന്ന സമയത്താണ് മകരസംക്രാന്തി സംഭവിക്കുന്നത്. സംക്രാന്തി ഏതെങ്കിലും പ്രത്യേക മാസത്തില്‍ ഉണ്ടാവാറുള്ളതല്ല. മറിച്ച് എല്ലാ മാസത്തിലും സംഭവിക്കാറുള്ളതാണ്. എന്നാല്‍ കര്‍ക്കിടകം, മകരം എന്നീ മാസങ്ങളില്‍ മകരസക്രമം മുതല്‍ സൂര്യന്‍ ഉത്തരായനം ആരംഭിക്കുന്നു. അതിന് മുമ്പ് ദക്ഷിണായനവും സംഭവിക്കുന്നു. സൂര്യന്‍ ഉത്തരായനത്തിലാവുമ്പോള്‍ പകല്‍ വര്‍ധിക്കുകയും രാത്രി കുറയുകയും ചെയ്യുന്നു; ദക്ഷിണായനത്തിലാവുമ്പോള്‍ തിരിച്ചും. ഹൈന്ദവവിശ്വാസപ്രകാരം ബ്രാഹ്മണര്‍ക്കും ഭിക്ഷുക്കള്‍ക്കും യഥാശക്തിദാനവും ഗംഗാസ്നാനവും കല്‍പിക്കപ്പെട്ടത് ഈ ദിവസത്തിലാണ് എന്നതില്‍ കവിഞ്ഞ് ഹൈന്ദവാചാരങ്ങളിലൊന്നും മകരസംക്രാന്തിക്ക് വലിയ പ്രാധാന്യമുള്ളതായി കാണുന്നില്ല. ഇതാണ് അത്ഭുതജ്യോതിസ്സായി അവതരിപ്പിക്കുവാന്‍ ആധുനിക ശബരിമലസാരഥികള്‍ പെടാപാട് പെടുന്നത്.
ഇനി, പരിശോധിക്കേണ്ടത് ക്ഷേത്രാധികൃതര്‍ അവകാശപ്പെടുന്നത് പോലെ ഇപ്പോള്‍ മകരവെളിച്ചം തെളിയിക്കുന്നത് ആദിവാസികളാണോ എന്നതാണ്. തീര്‍ച്ചയായും അല്ല എന്നാണ് അത് സംബന്ധമായ അന്വേഷണങ്ങളും വെളിപ്പെടുത്തലുകളും മനസ്സിലാക്കിത്തരുന്നത്. വിവാദത്തില്‍ നിന്ന് മുഖംമറക്കാനായി ശബരിമല കാര്‍മികര്‍ അയ്യപ്പന്റെ ആദിവാസി പാരമ്പര്യമംഗീകരിച്ചാല്‍ കൂടുതല്‍ അബദ്ധങ്ങളിലേക്കാണ് ചെന്നെത്തുക. കാരണം അത്തരമൊരു ചര്‍ച്ച വന്നാല്‍ അയ്യപ്പന്റെ പിതൃത്വത്തെക്കുറിച്ചുള്ള ചര്‍ച്ചയിലേക്കും ശബരിമലയുടെ യഥാര്‍ഥ അവകാശികളെക്കുറിച്ചു ള്ള അന്വേഷണങ്ങളിലേക്കുമാണ് നിഷ്പക്ഷരെ കൊണ്ടെത്തിക്കുക. ഇതാകട്ടെ വാവര് കടുംബവുമായി പല കാലങ്ങളിലായി നടന്ന അധികാരതര്‍ക്കത്തേക്കാള്‍ ശോചനീയമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും.
കൊല്ലവര്‍ഷം 1098 ചിങ്ങമാസം 1ാം തിയ്യതി മുതലാണ് ഗവണ്‍മെന്റ് ക്ഷേത്രഭരണം ഒരു പ്രത്യേക വകുപ്പിന്റെ കീഴില്‍ കൊണ്ടുവരുന്നത്. തിരുവിതാംകൂറിലെ ക്ഷേത്രഭരണം അതിനുമുമ്പ് റവന്യൂ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലായിരുന്നു. ക്ഷേത്രത്തിന്റെ കാര്യത്തിലെ റവന്യൂ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥരുടെ അലംഭാവം ഭക്തരില്‍ ഏറെ അമര്‍ഷം സൃഷ്ടിച്ചിരുന്ന സമയമായിരുന്നു അത്. മാസവിശേഷവും ആട്ടവിശേഷവും മാത്രമല്ല പൂജകള്‍ വരെ മുടങ്ങിയിരുന്ന ഒരു ഘട്ടത്തില്‍ കൊല്ലവര്‍ഷം 1100ാം ആണ്ടോടുകൂടിയാണ് എരുമേലി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നത്. വനമധ്യത്തില്‍ ജീര്‍ണിച്ചുകിടന്നിരുന്ന ക്ഷേത്രം പുനരുദ്ധാരണം നടത്തിയതും ചുറ്റുമുണ്ടായിരുന്ന വനങ്ങള്‍ വെട്ടിത്തെളിയിച്ചതും എരുമേലിത്തോട് വെടിപ്പാക്കിയതുമെല്ലാം പിന്നീട് ദേവസ്വംബോര്‍ഡാണ്. എന്നാല്‍ ശബരിമലയും അയ്യപ്പനും ഇതിനെല്ലാം വളരെക്കാലം മുമ്പേ ചരിത്രത്തിലിടം നേടിയിരുന്നുവെന്നാണ് പുരാണങ്ങളില്‍ നിന്നും മനസ്സിലാവുന്നത്. വാത്മീകിരാമായണത്തിലെയും കമ്പരാമായണത്തിലെയും ആരണ്യകാണ്ഡത്തില്‍ ശബരിമലയെക്കുറിച്ച് പരാമര്‍ശമുണ്ട്. മാലിനി എന്നുപേരുള്ള ചിത്രവചനന്റെ പുത്രി ശബരിയെകുറിച്ചും ശ്രീരാമപക്കല്‍നിന്ന് ലഭിച്ച ശാപമോക്ഷത്തെകുറിച്ചുമെല്ലാമുള്ള ഐതിഹ്യം രാമായണത്തില്‍ കാണാം.
അയ്യപ്പനെന്ന 'ദൈവ'ത്തെക്കുറിച്ചുള്ള ചരിത്രമെടുത്താലും ഇപ്പോഴത്തെയാളുകളല്ല അതിന്റെ യഥാര്‍ഥ അവകാശികള്‍ എന്ന് വ്യക്തമാവും. യഥാര്‍ഥത്തില്‍ ഒരു കാലത്ത് അയ്യപ്പന്‍ ആദിവാസികളായ ചേകോരുടെ ദൈവമായിരുന്നു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ഭാരതത്തിലെ പുരാതന ഗോത്രവര്‍ഗങ്ങളെക്കുറിച്ചും മതങ്ങളെക്കുറിച്ചുമെല്ലാമുള്ള വസ്തുനിഷ്ഠമായ പഠനം ചെന്നെത്തിച്ചേരുന്നത് ഈ യാഥാര്‍ഥ്യത്തിലേക്കാണ്. പ്രശസ്ത ചരിത്രരചയിതാവായ ഇളംകുളം കുഞ്ഞന്‍പിള്ളയുടെ ഇതുസംബന്ധമായ പഠനം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: "'കായാംപൂമേനി വര്‍ണനും' 'നായാടവല്ലം ചേകോനു'മായ അയ്യപ്പനെ നാലമ്പലത്തിനുവെളിയില്‍ മതില്‍ക്കകത്തു തെക്കേ പടിഞ്ഞാറേ മൂലയിലാണ് സാധാരണ പ്രതിഷ്ഠിക്കാറുണ്ടായിരുന്നത്. ഇത് താഴ്ന്ന ജാതിക്കാര്‍ക്കും ചേകവനെ ആരാധിക്കാന്‍ സൌകര്യം നല്‍കുന്നതിനാണ്. അവര്‍ക്കും അന്ന് മതില്‍കെട്ടിനുള്ളില്‍ പ്രവേശിക്കാമായിരുന്നു. നാലമ്പലത്തിനുള്ളില്‍ കയറിക്കൂടായിരുന്നിരിക്കാം. അയ്യപ്പന്‍ ഒന്‍പതും പത്തും ശതകങ്ങളില്‍ ചേകവരുടെ ദൈവമായിരുന്നു. പന്തളത്തെ അയ്യപ്പനു മുമ്പും അയ്യപ്പന്‍ എന്നൊരു ദൈവം ഉണ്ടായിരുന്നുവെന്ന് ഇതില്‍ നിന്നും തെളിയുന്നു. അയ്യപ്പനെകൂടി എല്ലാ ക്ഷേത്രങ്ങളിലും പ്രതിഷ്ഠിച്ച് അയ്യപ്പന്‍ "എമ്പൈരുമാന്‍'' എന്നൊരു പ്രത്യേക ശാന്തിക്കാരനെയും നിയമിച്ചിരുന്നു.'' (കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍: ഇളംകുളം കുഞ്ഞന്‍പിള്ള, പേജ് 15)
ശബരിമലയാത്രക്കാര്‍ക്ക് പ്രസാദം നല്‍കുന്ന വിചിത്രവേഷക്കാരനായ കൊച്ചുവേലന്റെ സാന്നിധ്യവും ഈ വസ്തുതയിലേക്കാണ് വെളിച്ചം വീശുന്നത്. ഉള്ളാടന്മാരുടെ കുലപതിയായ കൊച്ചുവേലന്‍ വനത്തിന്റെ ഉടമസ്ഥനും ആദിവാസികളുടെ ആരാധനാമൂര്‍ത്തിയുമായിരുന്നു. മാത്രമല്ല സംഘകാലത്ത് യുദ്ധദേവനായി അയ്യന്‍, അയ്യനാര്‍ അയ്യപ്പന്‍ എന്നീ പേരിലെല്ലാമറിയപ്പെടുന്ന ഒരു ആരാധനാമൂര്‍ത്തി നിലനിന്നിരുന്നതായി 'സംഘകാല കേരളം' എന്ന പുസ്തകത്തിന്റെ 56,57 പേജുകളില്‍ വി.വി.കെ വാലത്ത് രേഖപ്പെടുത്തുന്നുണ്ട്. അതുകൊണ്ടൊക്കെത്തന്നെ മുമ്പ് സൂചിപ്പിച്ചതുപോലെ ഈ ചരിത്രവസ്തുതകളുടെ പിന്‍ബലത്തില്‍ ചിന്തിച്ചാല്‍ ശബരിമല അയ്യപ്പന്റെ യഥാര്‍ഥ ഉടമസ്ഥരെന്ന ദേവസ്വംബോര്‍ഡിന്റെയും വാവര്‍കുടുംബത്തിന്റെയും തര്‍ക്കത്തിലേക്ക് പുതിയൊരു അവകാശി കൂടി കടന്നുവരും.
അതേസമയംതാല്‍ക്കാലിക രക്ഷക്കായിമകരവിളക്ക് കത്തിക്കുന്നത് ആദിവാസികളാണെന്ന പറഞ്ഞ തന്ത്രി കടുംബത്തിന്റെയും ദേവസ്വം അഡ്വക്കറ്റിന്റേയും വാദം ശരിയല്ലെന്നാണ് വസ്തുതകളുടെ വെളിച്ചത്തില്‍ മനസ്സിലാകുന്നത്. 1901ലെ സെന്‍സസ് പ്രകാരം മന്നന്മാര്‍ എന്നറിയപ്പെടുന്ന ഒരു ആദിവാസി ഗോത്രം മാത്രമാണ് അവിടെ നിലനിന്നിരുന്നത്. 29 പേര്‍ മാത്രമായിരുന്നു അന്നവരുടെ ജനസംഖ്യ. കഴിഞ്ഞ നൂറ് കൊല്ലത്തിനിടയില്‍ അവരൊന്നു പോലുമില്ലാതെ മരിച്ചു പോയെന്നാണ് രേഖകള്‍ പറയുന്നത്. എന്നാല്‍, ദേവസ്വം ബോര്‍ഡ് അധികൃതരും പോലീസുകാരുമടങ്ങിയ ഉത്തരവാദപ്പെട്ടവരുടെ മേല്‍നോട്ടത്തിലാണ് ഈ തട്ടിപ്പ് അരങ്ങേറുന്നത് എന്നാണ് ശബരിമലയിലെ മുന്‍ KSEB ജീവനക്കാരനായ ശിവാനന്ദ് അവകാശപ്പെടുന്നത്. 1981 KSEBയുടെ പമ്പാ ഡിവിഷനിലേക്ക് ജോലിമാറ്റം കിട്ടി ചെന്ന സമയത്ത് ദീപം കത്തിക്കുന്നത് നേരിട്ട് കാണാനുള്ള അവസരം ലഭിച്ചിട്ടുണ്ട് എന്നാണദ്ദേഹം വിവരിക്കുന്നത്: "ദേവസ്വം ബോര്‍ഡിലെ കരുണാകരന്‍ നായര്‍ എന്ന അസിസ്റന്റ് എഞ്ചിനീയറും രണ്ട് ലേബേഴ്സും രണ്ട് പോലീസുകാരുമാണ് അന്നുണ്ടായിരുന്നത്. ഒന്നുരണ്ട് കിലോ തൂക്കമുള്ള പച്ചക്കര്‍പ്പൂരവും അലുമിനീയം പാത്രവുമുണ്ടായിരുന്നു, കത്തിച്ചുകാണിക്കാന്‍ വേണ്ടി...'' "അന്ന് കത്തിച്ച് കാണിച്ചത് ഞങ്ങളുടെ ഒരു ഡ്രൈവറാണ്(KSEB ഡ്രൈവര്‍); പേര് ഗോപിനാഥന്‍ നായര്‍...'' (Sabarimala miracle claims disputed: NDTV Correspondent, Thursday, January 11, 2007)
http://www.youtube.com/watch?v=BlQFVmZzbQY എന്ന വെബ് ലിങ്കില്‍ ക്ളിക്ക് ചെയ്താല്‍ NDTVയുടെ ഇവ്വിഷയകമായ വീഡിയോ ഇന്റര്‍വ്യൂയും
Sabarimala - The Recurring Tragedy Caused by State-sponsored Superstition എന്ന ലിങ്ക് പരിശോധിച്ചാല്‍ ഇതിനെക്കുറിച്ചുള്ള വിശദവിവരങ്ങളും ലഭിക്കുന്നതാണ്. ഇതിന് സമാനമായി പത്ത് വര്‍ഷം മുമ്പ് തനിക്കുണ്ടായ അനുഭവം മുന്‍ തുറമുഖ ഡയരക്ടര്‍ ക്യാപ്ടന്‍ കെ. പി. രാജന്‍ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു.(മാധ്യമം ദിനപ്പത്രം 22/01/2011). അതുകൊണ്ട് തന്നെയാണ് മകരജ്യോതിയുടെ പേരിലുള്ള തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാന്‍ അഖില ഭാരത അധ്യക്ഷന്‍ സ്വാമി ഭൂമാനന്ദ തീര്‍ഥയെപ്പോലുള്ള നിഷ്പക്ഷ ഹൈന്ദവസന്യാസിമാര്‍ അഭിപ്രായപ്പെട്ടതും.(മാധ്യമം ദിനപത്രം 23/01/2011).
യഥാര്‍ഥത്തില്‍ മകരജ്യോതി തെളിയല്‍ ഒരു ദിവ്യപ്രതിഭാസമല്ലെന്നും പൊന്നമ്പലമേട്ടിലെ ചിലയാളുകള്‍ മനഃപ്പൂര്‍വം കര്‍പ്പൂരം കത്തിച്ച് തെളിയിക്കുകയാണെന്നും കേരളീയ യുക്തിവാദികള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ വെളിപ്പെടുത്തിയിരുന്നു. അന്ന് പൊന്നമ്പലമേട് കയ്യേറി ഈ തട്ടിപ്പിന് നേതൃത്വം നല്‍കിയവരെ വെളിച്ചത്ത് കൊണ്ട് വരുന്നതിന് മുന്‍പന്തിയില്‍ നിന്ന ഒരു യുക്തിവാദീനേതാവ് ലേഖകനോട് നേരിട്ടു സംസാരിച്ചതുമാണ് ഇക്കാര്യം. പ്രസ്തുത അനുഭവം യുക്തിവാദികള്‍ തന്നെ വിവരിക്കട്ടെ.
"ഞങ്ങള്‍ പൊന്നമ്പലമേട്ടിലെത്തിയപ്പോള്‍ ദേവസ്വം ബോര്‍ഡിലെ ഏഴ് ഉദ്യേഗസ്ഥന്മാരും വനംവകുപ്പിലെ ഗാര്‍ഡുമാരും അവിടെ സന്നിഹിതരായിരുന്നു. ഒരാള്‍ ചാക്കില്‍ തലവെച്ചുറങ്ങുകയായിരുന്നു. ചാക്കിനുള്ളില്‍ മകരജ്യോതി കാണിക്കുവാനുള്ള കര്‍പ്പൂരമാണ് ഉള്ളതെന്ന് മനസ്സിലായി. 'കിംഗ് ഫിഷറി'ന്റെ കാര്‍ഡ്ബോര്‍ഡ് പെട്ടിയും കുപ്പികളും അവിടെ കിടക്കുന്നുണ്ടായിരുന്നു. അന്നേരം വിളക്കുകത്തിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ ടി.സി സെക്ഷനിലെ എ.ഇ മാത്യൂസ് ഗ്രിഗറി, ചീഫ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍ ഡോ. പി.എന്‍ നായര്‍, കോട്ടയം ജില്ലാ ഫോറസ്റ് കണ്‍സര്‍വേറ്റര്‍ സുരേന്ദ്രനാശാരി, ഫോറസ്റ് ഓഫീസിലെ ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ കെ. ശിവശങ്കരന്‍ നായര്‍ തുടങ്ങിയവരുണ്ടായിരുന്നു. മകരജ്യോതിസ്സ് ഉണ്ടാക്കുന്നതിലെ മേല്‍നോട്ടം ഇവര്‍ക്കായിരുന്നുവെന്നു കരുതേണ്ടതായിട്ടാണിരിക്കുന്നത്.''
"...ശബരിമലക്ക് നേരെ തള്ളിനില്‍ക്കുന്ന പാറയുടെ അപ്പുറത്ത് ഒരു സ്ഥലത്ത് നക്ഷത്രത്തിന്റെ ആകൃതി കൊത്തിയുണ്ടാക്കിയിട്ടുണ്ട്. അതിന്റെ ഒരു ഭാഗത്ത് 'പൊടിയന്‍ ചന്ദ്രന്‍', 'സ്വാമിനാഥന്‍' എന്ന് കൊത്തിവെച്ചിരിക്കുന്നു. മറ്റേഭാഗത്ത് ഒരു ശൂലത്തിന്റെ രൂപവും നക്ഷത്രചിഹ്നത്തിന് 'ഓം' എന്ന പ്രണവാക്ഷരവും കൊത്തിവെച്ചിരിക്കുന്നു. നക്ഷത്രത്തിനു സമീപം ഒരു പ്ളാസ്റിക്ക് സഞ്ചിയില്‍ മൂന്ന് നാളികേരവും പഴവും കുറേ കര്‍പ്പൂരഭസ്മവും അഞ്ച്പാക്ക് ചന്ദനത്തിരിയും കയര്‍കൊണ്ട് വരിഞ്ഞ ഒരു ചട്ടിയും തീപ്പെട്ടിയും വെച്ചിട്ടുണ്ടായിരുന്നു. അതിനടുത്ത് കാക്കി ഷര്‍ട്ടിട്ട ഒരാളും ഇരിപ്പുണ്ടായിരുന്നു. ചുറ്റും മറ്റുള്ളവര്‍ കൂടിനിന്നിരുന്നു. ഉടനെ തന്നെ പതിവായി കര്‍പ്പൂരം കത്തിക്കാറുള്ള ഗോപിനാഥന്‍നായരെ ഭദ്രന്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നു. ആ സമയത്ത് ഗോപി അല്പം മാറിയായിരുന്നു നിന്നിരുന്നത്. ഗോപിയെ സമീപിച്ച് ഞാന്‍ ചോദിച്ചു:
"എന്താണ് പേര്?''
"ഗോപി, അയാളുടെ മറുപടി''
"എന്താണ് ജോലി?''
"കെ.എസ്.ഇ.ബിയില്‍ ഡ്രൈവറാണ്.''
"നിങ്ങളാണോ ഇവിടെ കര്‍പ്പൂരം കത്തിക്കാറുള്ളത്?''
"അതെ. എത്ര കാലമായി നിങ്ങള്‍ ഇത് കത്തിച്ച് തുടങ്ങിയിട്ട്?''
"പത്തുവര്‍ഷമായി.''
"ഇത്തവണയും കത്തിക്കുമോ?''
"കത്തിക്കും''
"ഇത്തവണ കത്തിക്കാതിരുന്നുകൂടെ?''
"പറ്റില്ല''
"ഞാന്‍ തീര്‍ച്ചയായും കത്തിക്കും''
"ഇത്തവണ നിങ്ങള്‍ കത്തിക്കാന്‍ പാടില്ല''
"ഞാന്‍ കത്തിച്ചില്ലെങ്കില്‍ ദേവസ്വം ഭാരവാഹികള്‍ കത്തിക്കും.''
ഗോപി കര്‍പ്പൂരം കത്തിച്ചുകാണിക്കുമെന്ന് വീണ്ടും ശഠിച്ച് പറഞ്ഞപ്പോള്‍ എന്നാല്‍ ഞങ്ങളും കത്തിക്കുമെന്ന് ചുറ്റും കൂടിയ യുക്തിവാദി സുഹൃത്തുക്കളും പറഞ്ഞു. അപ്പോള്‍ നിങ്ങള്‍ കത്തിക്കുന്നത് ശരിയല്ല എന്നായി ഗോപിയുടെ പ്രതികരണം. ഗോപിക്ക് ഏതാണ്ട് നാല്‍പതോളം വയസ്സ് തോന്നിക്കും. വളരെ ശാന്തനായാണ് അയാള്‍ ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്. ഞങ്ങള്‍ മകരജ്യോതിയുടെ യാഥാര്‍ഥ്യം അറിയാന്‍ വന്നതാണ് എന്ന് ചുറ്റുംകൂടിനില്‍ക്കുന്ന ഉദ്യോഗസ്ഥന്മാരെയും മറ്റും അറിയിച്ചു. കൃത്രിമ ജ്യോതി കാണിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വഞ്ചനയാണെന്നും ഓര്‍മപ്പെടുത്തി. ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഞങ്ങള്‍ കാണിക്കും നിങ്ങള്‍ക്ക് എന്താണിവിടെ കാര്യം എന്ന് പറഞ്ഞപ്പോള്‍ യുക്തിവാദികള്‍ പ്രതിഷേധമുദ്രാവാക്യം വിളിച്ചു. ഇടക്ക് ഡ്രൈവര്‍ ഗോപി ഈ ലേഖകനോട് പറഞ്ഞു:
"പല വര്‍ഷങ്ങളായി ഞാനാണിവിടെ ജ്യോതി കത്തിക്കുന്നത്. ഞാനാണ് മകരജ്യോതി കത്തിക്കുന്നതെന്ന് ഞാന്‍ തന്നെ പറഞ്ഞാലും ആരും വിശ്വസിക്കുകയില്ല. പിന്നെയാണോ നിങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കുന്നത്?''
ഞാന്‍ പറഞ്ഞു: "അതുകൊണ്ട് തന്നെയാണ് ഇത്തരം വഞ്ചന ആവര്‍ത്തിക്കരുതെന്ന് പറയുന്നത്.''
"എനിക്കിവിടെ ഒരു പൂജ നടത്തണം. അതോടുകൂടി ജ്യോതിയും കത്തിക്കും ഇതെന്റെ അവകാശമാണ്'' എന്നായി ഗോപി.
"ഇവിടെ വിളക്കു കത്തിക്കാന്‍ നിങ്ങള്‍ക്കെന്തെങ്കിലും അവകാശമുണ്ടെങ്കില്‍ ഞങ്ങള്‍ക്കുമുണ്ട് അവകാശം. നിങ്ങളെന്തെങ്കിലും കത്തിച്ചാല്‍ ഞങ്ങളും കത്തിക്കുമെന്ന് തീര്‍ച്ച.''
അപ്പോഴേക്കും യുക്തിവാദികള്‍ പന്തങ്ങള്‍ തയ്യാറാക്കി കഴിഞ്ഞിരുന്നു. അതിലിടപെട്ടത് ഒരു ഫോറസ്റ് ഗാര്‍ഡാണ്. അദ്ദേഹം കയര്‍ത്തു. "നിങ്ങള്‍ക്കിവിടെ കാര്യമൊന്നുമില്ല. നിങ്ങള്‍ ഇവിടെ പന്തം കത്തിക്കാനും പാടില്ല.'' "മിസ്റര്‍ ഗോപിക്ക് കത്തിക്കാമെങ്കില്‍ ഞങ്ങള്‍ക്കും കത്തിക്കാം. തടയുകയാണെങ്കില്‍ ഗോപിയേയും തടയണം. ഗോപിയെ അറസ്റു ചെയ്യാതെ ഞങ്ങളെ അറസ്റു ചെയ്യാനും നോക്കണ്ട.'' "അടുത്തവര്‍ഷം നിങ്ങളില്‍ ഒരുത്തനേയും ഇവിടെ കാലുകത്താന്‍ സമ്മതിക്കില്ല'' എന്നായി ഗാര്‍ഡ്. അപ്പോഴേക്കും ഗോപിയും കൂട്ടുകാരും ഒരു പൂജാരംഗം അഭിനയിക്കാനുള്ള ഒരുക്കം തുടങ്ങി. ഒരടിയെങ്കിലും വലിപ്പമുള്ള ഒരു പാത്രം നിറയെ കര്‍പ്പൂരം നിറച്ചു. നാളികേരവും പഴവും അരികില്‍ വെച്ചു. ശബരിമലയിലെ തിരുവാഭരണത്തിന്റെ ദൃക്സാക്ഷി വിവരണം ട്രാന്‍സിസ്റര്‍ റേഡിയോയിലൂടെ ശ്രദ്ധിക്കുകയാണ് അധികപേരും. സമയം വൈകുന്നേരം 6:40. ശബരിമലയില്‍ നിന്നും ഒരു ചുവന്ന സെര്‍ച്ച് ലൈറ്റ് പൊന്നമ്പലമേടിന് അഭിമുഖമായി നീങ്ങി. അത് ജ്യോതി കത്തിക്കുവാനുള്ള അടയാളമാണെന്ന് മനസ്സിലാക്കിയ ഒരാള്‍ (ഭദ്രന്‍) അല്‍പം വടക്കുഭാഗത്തായി മുന്‍കൂട്ടിതയ്യാറാക്കിയിരുന്ന പാറമേല്‍ നിന്നുകൊണ്ട് വലിയ മത്താപ്പൂ കത്തിച്ചു. "അതാ മകരജ്യോതി പ്രത്യക്ഷപ്പെട്ടു''വെന്ന റേഡിയോ വിവരണം പെട്ടെന്നുണ്ടായി. (ഗോപി കര്‍പ്പൂരം കത്തിക്കുന്നതിന് മുമ്പാണ് വിവരണമുണ്ടായത്.) ഉടനെ മറ്റൊരു യുക്തിവാദി സുഹൃത്ത് തെക്കുഭാഗത്തുനിന്നും മൂളിപ്പൂവും കത്തിച്ചു. പിറകെ കര്‍പ്പൂര പാത്രത്തില്‍ (ഗോപി) തീ കത്തിച്ചു. പാത്രം മേലോട്ടുയര്‍ത്തി ജ്വലിപ്പിച്ചു. വീണ്ടും ആളിച്ചുയര്‍ത്തി. മൂന്നുവട്ടം അങ്ങനെ ചെയ്തു. പന്തങ്ങളും മത്താപ്പൂകളും പിടിച്ചുനിന്നിരുന്ന യുക്തിവാദികളും അവ കത്തിച്ചുയര്‍ത്തിക്കൊണ്ടിരുന്നു. ഒരാള്‍ ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു കമാന്‍ഡര്‍ സെര്‍ച്ച് ലൈറ്റ് എന്റെ കയ്യില്‍ നിന്നും വാങ്ങി ശബരിമലക്ക് അഭിമുഖമായി കാട്ടി. കൂട്ടത്തിലാരോ അമിട്ടും ഡൈനാമിറ്റും പൊട്ടിച്ചു...'' (മകരജ്യോതിസ്സ്: പവനന്‍)
1981 ലെ മകരജ്യോതിയായി മാധ്യമങ്ങളെല്ലാം ആഘോഷിച്ചത് ഈ ഡൈനാമിറ്റും അമിട്ടും മത്താപ്പുവും പന്തവുമൊക്കെയായിരുന്നു എന്നത് ഫോട്ടോയടക്കം ഹാസ്യാത്മകമായി വിവരിക്കുന്നുണ്ട് ഈ പുസ്തകത്തില്‍. എല്ലാവര്‍ഷവും കണ്ടുവരാറുള്ള മകരജ്യോതിദര്‍ശനത്തിന് വിപരീതമായി അക്കൊല്ലം 'നറുദീപങ്ങള്‍ ഒഴുകിനടക്കാനും' 'ചെറിയപ്രഭാപൂരങ്ങള്‍ കാണാനും' 'കര്‍പ്പൂരദീപം പോലെ പ്രകാശം പരത്താനു'മെല്ലാം നിമിത്തമായത് യുക്തിവാദികളുടെ ഇടപെടലായിരുന്നു എന്നാണ് പവനന്‍ വിശദീകരിക്കുന്നത്.
വേണ്ടത്ര സാങ്കേതിക സൌകര്യങ്ങളില്ലാത്ത അക്കാലങ്ങളില്‍ നിന്നും വിഭിന്നമായി ക്യാമറയും റെക്കോര്‍ഡിംഗ് സൌകര്യങ്ങളുമായി വിഷയത്തിന്റെ നിജസ്ഥിതി അറിയാന്‍ പുറപ്പെട്ട ചില സാമൂഹ്യ പ്രവര്‍ത്തകരുടെ അനുഭവം Makarajyothi Exposed എന്ന ടൈറ്റിലില്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.
യൂ ട്യൂബിലെ http://www.youtube.com/watch?v=i58IaLnICrs&NR=1 എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്താല്‍ ഇതിന്റെ വീഡിയോ ദൃശ്യം ലഭ്യമാവും. കര്‍പ്പൂരം തെളിയിക്കുന്ന തറയും അവര്‍ വെളിച്ചം വീശിക്കാണിക്കുന്ന പാറയും പൊന്നമ്പലമേട്ടിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയുമെല്ലാം കൃത്യമായി വിവരിക്കുന്ന പ്രസ്തുത വീഡിയോ ദൃശ്യത്തില്‍ നിന്ന്, പരലക്ഷം ഭക്തന്മാരുടെ വിശ്വാസത്തെ ചൂഷണംചെയ്യാന്‍ പുരോഹിതന്മാര്‍ ഉപയോഗിക്കുന്ന മാനവവിഭവശേഷി എത്ര കുറച്ചാണ് എന്ന തിരിച്ചറിവ് മനുഷ്യത്വമുള്ള ആരെയും ഞെട്ടിക്കാതിരിക്കില്ല!!
പൊന്നമ്പലമേട്ടില്‍ നടന്ന ദുരന്തപശ്ചാത്തലത്തില്‍ മത-സാംസ്കാരിക-സന്നദ്ധ പ്രവര്‍ത്തകര്‍ മകരജ്യോതിയെ വിമര്‍ശിക്കുമ്പോള്‍, ഹൈന്ദവസംസ്കാരത്തിനെതിരെയുള്ള പടയൊരുക്കവും 'ഹിന്ദുമതത്തെ വഴിച്ചെണ്ടയാക്കാനുള്ള ശ്രമ'വുമായി ചിത്രീകരിക്കാനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കുന്നത് എന്നത് ഖേദകരമാണ്. യഥാര്‍ഥത്തില്‍ മനുഷ്യത്വമുള്ള ഒട്ടേറെ സാംസ്കാരികനായകന്മാര്‍ ഇതിനെക്കുറിച്ച് വളരെ നാള്‍ മുമ്പേതന്നെ ബോധവല്‍കരണം നടത്തിയിട്ടുണ്ട്. പക്ഷെ, ദുരമൂത്ത ക്ഷേത്രഭാരവാഹികള്‍ അത് മുഖവിലക്കെടുത്തില്ലെന്ന് മാത്രം. തീവ്രഹിന്ദുത്വത്തിന്റെ വക്താക്കള്‍ക്ക് പോലും പ്രിയങ്കരിയായ സാഹിത്യകാരി സുഗതകമാരി പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 'ആലിബാബയും നാല്‍പത് കള്ളന്മാരും' എന്ന പേരില്‍ ഇതിനെതിരെ ലേഖനമെഴുതിയിട്ടുണ്ട്. മലമുകളിലെ ഈ തട്ടിപ്പില്‍ മനംനൊന്ത് അവരെഴുതിയ ലേഖനത്തിലെ ഏതാനും വരികള്‍ നോക്കൂ. "...ആണ്ടോടാണ്ട് ഒരു ദിവ്യമായ കാഴ്ച മലമുകളില്‍ ഒരുക്കപ്പെടുന്നു. ആകാശത്ത് നക്ഷത്രമുദിക്കുകയും കൃഷ്ണപ്പരുന്ത് പറക്കുകയും ചെയ്യുന്നതോടൊപ്പം തെളിഞ്ഞണയുന്ന വിചിത്ര ജ്യോതിസ്സ്്. ദേവന്മാര്‍ സ്വാമി അയ്യപ്പന് നടത്തുന്ന നീരാജനം...''
"...സാധുക്കളായ തമിഴനും തെലുങ്കനും എല്ലാം പുളകിതഗാത്രരായി കണ്ണുനീരോടെ, തൊഴുകയ്യോടെ മടങ്ങുന്നു. നാട്ടില്‍ ചെന്ന് കണ്ടവരോടെല്ലാം ഈ മഹാത്ഭുതം പറയുന്നു. അടുത്ത ആണ്ട് അവരും കെട്ടുംകെട്ടി പുറപ്പെടുന്നു. എല്ലാം വിറ്റുപെറുക്കി ഭഗവത് സന്നിധിയില്‍ ചെന്ന് ചൊരിയുന്നു. കണ്ണാലെ കണ്ടല്ലോ ദേവന്മാരുടെ ദീപാരാധന.
ആകാശദീപാരാധന നടത്തുന്നത് ആലിബാബയും നാല്‍പത് കള്ളന്മാരുമാണെന്ന് വര്‍ഷങ്ങളായി മലയാളിക്കറിയാം. ദേവസ്വം ബോര്‍ഡിനും പോലീസ് വകുപ്പിനും വിദ്യുച്ഛക്തി വകുപ്പിനും വനംവകുപ്പിനും അറിയാം, അറിയാത്തത് കള്ളമറിയാത്ത സാധു ലക്ഷങ്ങള്‍ക്ക് മാത്രം. അവര്‍ ആവേശത്തോടെ കൂട്ടംകൂട്ടമായി വന്നുകൊണ്ടേയിരിക്കുന്നു; മലയാളമണ്ണിലെ ഈ മഹാത്ഭുതം കാണുവാന്‍...''
"...അങ്ങനെ പൊന്നുപൂശിയ തൃക്കോവില്‍ കാണാനും ആകാശത്തെ മായാദീപം കാണാനും ലക്ഷങ്ങള്‍, കോടികള്‍ ശരണംവിളിച്ചെത്തുന്നു. ഓരോ വര്‍ഷവും അവരുടെ എണ്ണം പെരുകുന്നു. ലക്ഷങ്ങള്‍ കോടികള്‍ നമ്മുടെ കീശയിലേക്കും ഖജനാവിലേക്കും വന്നുമറിയുന്നു. അതിനെല്ലാം എന്തു വേണ്ടൂ? എന്തു കെട്ടുകാഴ്ചക്കും തയ്യാര്‍ വരട്ടെ പണം. കുറേപേര്‍ ചവിട്ടേറ്റും തിക്കിലും തിരക്കിലും പെട്ട് ശ്വാസംമുട്ടി പിടഞ്ഞുമരിച്ചു. കുറ്റം ആരുടേതാണെന്നതിനെകുറിച്ച് നമുക്ക് തര്‍ക്കിക്കാം. ദേവസ്വം ബോര്‍ഡിന്റേതാണോ ഗവണ്‍മെന്റിന്റേതാണോ കൂടുതല്‍ കാടുവെളുപ്പിക്കാന്‍ അനുവദിക്കാത്ത കേന്ദ്രത്തിന്റേതാണോ എന്നൊക്കെ നമുക്ക് വാദപ്രതിവാദം നടത്താം. അന്വേഷണം ആവശ്യപ്പെടാം. അതിലൂടെ സമാധാനം കണ്ടെത്താം...''
"...മദ്യം പൂശിയും മായാജ്യോതി കാട്ടിയും ഹിന്ദുധര്‍മത്തെ പങ്കിലമാക്കുന്നതില്‍ മനംനൊന്തുപോകുന്നവര്‍ കുറേപേരുണ്ട് ഈ നാട്ടില്‍. ഇവര്‍ ഇരുകയ്യുമുയര്‍ത്തി ഭഗവാനെ വിളിക്കുന്നു. സ്വാമിയേ പൊറുക്കണേ! പൊറുക്കണേ! എന്നുമാത്രം.'' (ആലിബാബയും നാല്‍പതുകള്ളന്‍മാരും, സുഗതകുമാരി, മാതൃഭൂമി 17/02/1999)
എന്നാല്‍ സത്യം പകല്‍പോലെ വ്യക്തമായിട്ടും ഈ അന്ധവിശ്വാസം തുടരാന്‍ തന്നെയാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് അവരുടെ മാധ്യമ പ്രസ്താവനകള്‍ നമുക്ക് വ്യക്തമാക്കിത്തരുന്നത്. ശബരിമല അഡ്വക്കറ്റും ദേവസ്വംമന്ത്രിയും മുഖ്യമന്ത്രിയും ഇതേവാദം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഒരു പടികൂടി കടന്ന്, തന്ത്രി മറിച്ചൊരഭിപ്രായം പറഞ്ഞാല്‍ പോലും അത് അംഗീകരിക്കാന്‍ കൂട്ടാക്കുകയില്ലെന്നാണ് ഇന്ത്യയുടെ പ്രതിപക്ഷനേതാവ് സുഷമാ സ്വരാജ് പറഞ്ഞിരിക്കുന്നത്. ഏതായാലും ടി.എന്‍ ഗോപകുമാര്‍ പറഞ്ഞത് പോലെ(വ്യാജാഗ്നി: കലാകൌമുദി 1638) ഉപഗ്രഹചിത്രങ്ങളും ആധുനിക സാങ്കേതിക സംവിധാനങ്ങളും നിലവിലുള്ള ഇക്കാലത്ത് മകരജ്യോതിദര്‍ശനത്തോടൊപ്പം അതിലെ തട്ടിപ്പുകളുംകൂടി ദൃശ്യമാധ്യമങ്ങള്‍ ലൈവായി കാണിക്കുന്ന ഒരു കാലത്തെകുറിച്ചുള്ള സാധ്യത പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു; അന്ധവിശ്വാസങ്ങളില്‍ നിന്ന് ഭക്തരെ മോചിപ്പിക്കുവാന്‍ അത്തരം ശാസ്ത്രീയ ദൃശ്യവിരുന്നുകൂടി വേണമോ എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് ശബരിമല അധികൃതരും സംസ്ഥാന അധികാരികളുമാണ്. അങ്ങനെയൊരു അവസ്ഥ സംജാതമാവുന്നതിന് മുമ്പ് സത്യം ഏറ്റുപറഞ്ഞ് തെറ്റുതിരുത്തുവാന്‍ തയ്യാറാവുന്നതല്ലേ നല്ലത്? നാടിനെ നേര്‍വഴിക്ക് നടത്തേണ്ട മതനേതാക്കന്മാരില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത് അതാണ്.
No comments:
Post a Comment