ആര്‍.എസ്.എസ് : ദേശീയവഞ്ചനയുടെയും
വര്‍ഗീയതയുടെയും അക്രമോത്സുക ചരിത്രം
കെ ടി കുഞ്ഞിക്കണ്ണന്‍
ഹിറ്റ്‌ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ ദാരുണമായ പീഡനങ്ങള്‍ക്കൊടുവില്‍ മരണമടഞ്ഞ ആന്‍ഫ്രാങ്ക് തന്റെ ഡയറിയില്‍ 1944 ജൂലായ് 15ന് ഇങ്ങനെ കുറിച്ചിട്ടതായി കാണുന്നു. ''ഞങ്ങളെ നശിപ്പിക്കാന്‍ വന്നെത്തുന്ന ഇടിമുഴക്കം ഞാന്‍ കേള്‍ക്കുന്നു. ഞാന്‍ പതിനായിരങ്ങളോടൊത്ത് ദുരിതം തിന്നുകയാണ്. എങ്കിലും പ്രതീക്ഷയോടെ ഞാന്‍ സ്വര്‍ഗങ്ങളിലേക്ക് നോക്കുന്നു. ഈ ക്രൂരത അവസാനിക്കുമെന്നും സമാധാനവും ശാന്തിയും മടങ്ങിവരുമെന്നും പ്രതീക്ഷിക്കുന്നു''. സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഏതൊരു ജനാധിപത്യവാദിയുടെയും ഉത്കണ്ഠയും ശുഭാപ്തിവിശ്വാസവും പ്രധാനമാണെന്ന് സൂചിപ്പിക്കാനാണ് നാസി ഭീകരതക്കിടയില്‍ കുറിച്ചിട്ട ഈ ജൂതപെണ്‍കുട്ടിയുടെ വരികള്‍ ഇവിടെ ഉദ്ധരിച്ചത്.
16-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ദേശീയാധികാരം കൈയടക്കിയ സംഘപരിവാര്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യമായ ഹിന്ദുരാഷ്ട്രം സാക്ഷാത്കരിച്ചെടുക്കാനുള്ള ഭീതിജനകമായ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. കോര്‍പ്പറേറ്റ് മൂലധനവും ഹിന്ദുത്വവര്‍ഗീയതയും ചേര്‍ന്ന് രാജ്യത്തിന്റെ മതനിരപേക്ഷതയും സ്വാശ്രയത്വവും പരമാധികാരവും തകര്‍ക്കാനാണ് നോക്കുന്നത്. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഹിന്ദുത്വവര്‍ഗീയതയുടെ വ്യാപനവും സംഘപരിവാര്‍ സമൂഹത്തിനും അതിന്റെ ജനാധിപത്യവല്‍ക്കരണത്തിനും എതിരായി നടത്തുന്ന ഫാസിസ്റ്റ് നീക്കങ്ങളും പരിണമിച്ചിരിക്കുകയാണ്. ഓരോ വ്യക്തിയും ഉറങ്ങുകയും ഉണരുകയും ഭക്ഷിക്കുകയും വിസര്‍ജിക്കുകയും ഇണചേരുകയും ചെയ്യുന്നതുള്‍പ്പെടെ പൗരജീവിതത്തിന്റെ സൂക്ഷ്മവ്യവഹാരമണ്ഡലങ്ങളെയാകെ നിയന്ത്രിക്കാനാണ് ഹിന്ദുത്വശക്തികള്‍ ശ്രമിക്കുന്നത്. ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ജീര്‍ണമൂല്യങ്ങളെ പുനരാനയിക്കാനും ഹിന്ദുധര്‍മ്മമെന്ന പേരില്‍ കര്‍ക്കശമായ നിയമങ്ങളും നിബന്ധനകളും അടിച്ചേല്‍പ്പിക്കാനുമാണ് സംഘപരിവാര്‍ അതിന്റെ നാനാവിധമായ സംഘടനാസംവിധാനങ്ങളെ രംഗത്തിറക്കി ശ്രമിക്കുന്നത്. എല്ലാവിധ ജനാധിപത്യപരമായ സാമൂഹ്യ രാഷ്ട്രീയ സംഘാടനത്തെയും മതരാഷ്ട്രവാദത്തിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് തകര്‍ത്ത് ഇന്ത്യന്‍ സമൂഹത്തെയാകെ ഫാസിസവല്‍ക്കരിക്കാനുള്ള കുടിലമായ നീക്കങ്ങളാണ് നടക്കുന്നത്.
ഹിന്ദുത്വ രാഷ്ട്രീയത്തിനും അതിന്റെ പ്രത്യയശാസ്ത്രമായ സംസ്‌കൃതപാരമ്പര്യത്തിലധിഷ്ഠിതമായ ബ്രാഹ്മണ്യത്തിനുമെതിരെ ചിന്തിക്കുന്നവരെയും സര്‍ഗസൃഷ്ടിയിലേര്‍പ്പെടുന്നവരെയും ശാരീരികമായി തന്നെ ഇല്ലായ്മചെയ്യുന്ന ഹിംസാത്മകമായൊരു രാഷ്ട്രീയ പ്രയോഗമാണ് രാജ്യമെമ്പാടും സംഘപരിവാര്‍ അഴിച്ചുവിട്ടിരിക്കുന്നത്. അനന്തമൂര്‍ത്തിയെപോലുള്ള ഒരു സാഹിത്യകാരന് പാകിസ്ഥാനിലേക്കുള്ള വിമാനടിക്കറ്റ് അയച്ചുകൊടുത്തതും അമേരിക്കയില്‍ സംഗീതകച്ചേരിക്കുപോയ വിശ്വപ്രസിദ്ധ ഇന്ത്യന്‍ ഗായിക ശുഭയെ മോഡിയെ തിരഞ്ഞെടുപ്പിലെതിര്‍ത്തു എന്നതിന്റെ പേരില്‍ പാടാനനുവദിക്കാതിരുന്നതും അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശാസ്ത്രബോധം പ്രചരിപ്പിച്ച നരേന്ദ്ര ധാബോല്‍ക്കറെ കൊലചെയ്തതും 'ആരാണ് ശിവജി' എന്ന പുസ്തകമെഴുതിയതിന്റെ പേരില്‍ ഗോവിന്ദപന്‍സാരയെ കൊലചെയ്തതും ഏറ്റവുമൊടുവില്‍ വിഗ്രഹാരാധനയെ എതിര്‍ത്തതിന്റെ പേരില്‍ കല്‍ബുര്‍ഗിയെ വെടിവെച്ചുകൊന്നതും നമ്മുടെ ജനാധിപത്യ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളാണ്. വിശ്വപ്രസിദ്ധ ഗസല്‍ ഗായകന്‍ ഗുലാംനബിയെ മുംബൈയില്‍ കച്ചേരി നടത്താനനുവദിക്കാതിരുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുതമാത്രമല്ല സംഗീതത്തോടും കലയോടും സ്വതന്ത്രചിന്തയോടുമുള്ള ദേശീയ സങ്കുചിതമായ എതിര്‍പ്പ് എത്ര ഭീകരമാണെന്നാണ് കാണിക്കുന്നത്.
ഘര്‍വാപസി, ലൗജിഹാദ്, മീറ്റ് ജിഹാദ് എന്നെല്ലാമുള്ള രീതിയില്‍ മതന്യൂനപക്ഷസമൂഹങ്ങളില്‍ ഭീതിപടര്‍ത്താനും സംസ്‌കാരസംഘര്‍ഷങ്ങളിലൂടെ ഭൂരിപക്ഷ സമുദായത്തിന്റെ ധ്രുവീകരണം രൂപപ്പെടുത്താനുമുള്ള സംഘപരിവാറിന്റെ അത്യന്തം നീചമായ നീക്കങ്ങള്‍ ജനങ്ങളുടെ സമാധാനജീവിതത്തിന് ഭീഷണിയായി കഴിഞ്ഞിരിക്കുകയാണ്. മുസഫര്‍നഗര്‍ കലാപം ആസൂത്രിതമായി വര്‍ഗീയധ്രുവീകരണമുണ്ടാക്കാനായി ആര്‍.എസ്.എസ് - ബി.ജെ.പി നേതാക്കള്‍ ആസൂത്രണം ചെയ്തതായിരുന്നു. 2013-ലെ കലാപത്തെക്കുറിച്ചന്വേഷിച്ച ജസ്റ്റിസ് വിഷ്ണുസഹായി കമ്മീഷന്‍ സംഘപരിവാര്‍ നേതാക്കള്‍ക്കുള്ള പങ്ക് വ്യക്തമായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുകയാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇരുന്നൂറിലേറെ വര്‍ഗീയകലാപങ്ങളാണ് സാമുദായിക ധ്രുവീകരണം ലക്ഷ്യംവെച്ച് രാജ്യമെമ്പാടും അഴിച്ചുവിട്ടത്. മോഡി അധികാരത്തിലെത്തിയതിനുശേഷം കഴിഞ്ഞ 15 മാസക്കാലംകൊണ്ട് 356ലേറെ വര്‍ഗീയ കലാപങ്ങളാണ് രാജ്യത്ത് നടന്നത്.
അതിദേശീയതയുടെ വൈകാരികത ഉണര്‍ത്തുന്ന പ്രചരണങ്ങളിലൂടെ തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങള്‍ക്കെതിരെ വര്‍ഗീയ വിദേ്വഷം പടര്‍ത്താനാണ് സംഘപരിവാര്‍ ആസൂത്രിതമായി ശ്രമിക്കുന്നത്. സാര്‍വദേശീയ മൂലധനത്തിന്റെ സംരക്ഷകരായി ദേശീയാധികാരം കൈയാളുന്ന സംഘപരിവാറിന്റെ പ്രത്യയശാസ്ത്രം ഇന്ത്യയിലെ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും തീണ്ടാപ്പാടകലെ നിര്‍ത്തി പരമശത്രുവും ആന്തരികഭീഷണിയുമായി കാണുന്നതാണല്ലോ. എന്നാല്‍ സാര്‍വദേശീയമൂലധനത്തിന്റെ നായകന്മാരായ ലിന്റണ്‍ജോണ്‍സണ്‍ മുതല്‍ ബുഷും ഒബാമയും വരെയുള്ളവരെ ആരാധിക്കുകയും ലോകത്തിന്റെ ധര്‍മസംസ്ഥാപനാര്‍ത്ഥം അവതരിച്ച ഭഗവാന്‍ കൃഷ്ണന് സമാനമാക്കുകയും ചെയ്യുന്ന വഞ്ചനാപരവും ദേശവിരുദ്ധവുമായ നിലപാടുകളാണ് സംഘപരിവാറിനെ എന്നും ഭരിച്ചിട്ടുള്ളത്. 1970-ല്‍ ജനസംഘം എം.പിയായിരുന്ന അടല്‍ബിഹാരി വാജ്‌പേയി വശം അക്കാലത്തെ ആര്‍.എസ്.എസ് മേധാവിയായിരുന്ന ഗോള്‍വാള്‍ക്കര്‍ അമേരിക്കന്‍ പ്രസിഡന്റ് ലിന്റണ്‍ജോണ്‍സണ് കൊടുത്തയച്ച കത്തുതന്നെ അവരുടെ ലജ്ജാകരമായ അമേരിക്കന്‍ ആരാധന അനാവരണം ചെയ്യുന്നതാണ്. വിയറ്റ്‌നാമിലെ വിമോചനസമരത്തെ ഏജന്റ്ഓറഞ്ച് ഉള്‍പ്പെടെയുള്ള രാസായുധങ്ങള്‍ ഉപയോഗിച്ച് അമേരിക്കന്‍ പട്ടാളം അടിച്ചമര്‍ത്തുന്ന കാലത്താണ് ഗോള്‍വാള്‍ക്കര്‍ ലോകത്തിന്റെ ധര്‍മ്മസാരഥ്യം അങ്ങേക്കും അമേരിക്കയ്ക്കുമാണെന്ന് സ്തുതിച്ചുകൊണ്ടും പിന്തുണ അറിയിച്ചുകൊണ്ടും അമേരിക്കന്‍ പ്രസിഡന്റിന് കത്തെഴുതുന്നത്. ആര്‍.എസ്.എസിന്റെ ദേശീയത അമേരക്കന്‍ ദാസ്യം ഒളിപ്പിച്ചുവെച്ച ന്യൂനപക്ഷവിരോധത്തിന്റെതും കമ്യൂണിസ്റ്റ് വിരോധത്തിന്റേതും മാത്രമാണ്.
ക്രിസ്ത്യാനിയെയും മുസ്ലീങ്ങളെയും ആഭ്യന്തരശത്രുക്കളായി പ്രഖ്യാപിച്ച് വേട്ടയാടുമ്പോള്‍ തന്നെയാണ് സൗദിയില്‍ ചെന്ന് പെട്രോ ഡോളര്‍ രാജാക്കന്മാരെ മോഡി വണങ്ങുന്നത്. സംഘപരിവാറിന്റെ ജന്മംതന്നെ ദേശദ്രോഹലക്ഷ്യങ്ങളോടെയാണെന്ന കാര്യം പലപ്പോഴും ചര്‍ച്ചചെയ്യപ്പെടാതെ പോകുകയാണ്. 1800-കളിലെ അപ്രതിഹിതമായ ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യപോരാട്ടങ്ങള്‍ കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷ് ഭരണാധികാരികളുടെ ഭിന്നിപ്പിക്കുക ഭരിക്കുക എന്ന കൊളോണിയല്‍ തന്ത്രത്തിന്റെ ഉപകരണമായിട്ടാണ് ഹിന്ദുമഹാസഭയും മുസ്ലീംലീഗുമെല്ലാം ജന്മമെടുക്കുന്നത്.
ഹിന്ദുമതവും ഹിന്ദുത്വവും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ലെന്നതാണ് യാഥാര്‍ഥ്യം. സിന്ധുനദീതീരത്ത് താമസിച്ചുവന്ന ജനസമൂഹങ്ങളെയാണ് ഹിന്ദുക്കളെന്ന് വിവക്ഷിച്ചുപോന്നത്. നാനാജാതിമതസ്ഥരടങ്ങിയ ഇന്ത്യന്‍ ജനതയ്ക്ക് ആകെയുള്ള പദമെന്നര്‍ഥത്തിലാണ് ഹിന്ദുവെന്ന പദം പൊതുവെ 19-ാം നൂറ്റാണ്ടിന്റെ അവസാനം വരെ വ്യവഹരിക്കപ്പെട്ടത്. മുസല്‍മാന്‍മാരും സിക്കുകാരും പാര്‍സികളും ജൈനരും ബൗദ്ധരും വൈദികന്മാരും ശൂദ്രരും പഞ്ചമരും എല്ലാമടങ്ങുന്ന ഇന്ത്യക്കാരെയാണ് ഈ പദം കൊണ്ട് സൂചിപ്പിച്ചിരുന്നത്. ഹിന്ദുരാഷ്ട്രവാദത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കാവുന്ന വി.ഡി.സവര്‍ക്കറാണ് തന്റെ കുപ്രസിദ്ധമായ ഹിന്ദുത്വ (ആരാണ് ഹിന്ദു) എന്ന ഉപന്യാസത്തിലൂടെ ഹിന്ദുവെന്ന് വിവക്ഷിക്കുന്ന ജനസമൂഹത്തെ മുസ്ലീം വിരുദ്ധമായ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വചിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലത്ത് ജയിലിലിരുന്ന് തയ്യാറാക്കിയ ഹിന്ദുത്വ എന്ന കൃതി ഭൂമിശാസ്ത്രപരമായ ജനാധിവാസ പ്രദേശത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദുവിന് പകരം മതപരമായ അര്‍ഥത്തിലുള്ള 'ഹിന്ദുത്വ' നിര്‍വചനമാണ് മുന്നോട്ടുവെച്ചത്.
സവര്‍ക്കര്‍ ഹിന്ദുക്കള്‍ ഒരു രാഷ്ട്രമാണെന്ന വാദത്തിലൂടെ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ ഭിന്നിപ്പിക്കാനുള്ള ബ്രിട്ടീഷ് താല്പര്യങ്ങളുടെ കൈയാളാകുകയായിരുന്നു. ഗാന്ധിവധത്തില്‍ പങ്കുള്ളയാളാണ് ഹിന്ദുരാഷ്ട്രവാദത്തിന്റെ പിതാവായ സവര്‍ക്കര്‍ എന്ന കാര്യം പലപ്പോഴും നമ്മുടെ ദേശീയമാധ്യമങ്ങള്‍ മറച്ചുപിടിക്കുകയാണ്. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ തന്നെ ഗാന്ധിവധത്തിനുള്ള ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയത് സവര്‍ക്കറായിരുന്നുവെന്ന് പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ഗാന്ധിവധമന്വേഷിച്ച ജസ്റ്റിസ് ജീവന്‍ലാല്‍കപൂര്‍ കമ്മീഷന്‍ ഗാന്ധിവധത്തിന്റെ ഗൂഢാലോചനയില്‍ സവര്‍ക്കര്‍ക്കുള്ള പങ്ക് എടുത്തുപറഞ്ഞിട്ടുണ്ട്. ഹിന്ദുമഹാസഭയും ആര്‍.എസ്.എസും ചേര്‍ന്ന് രൂപം കൊടുത്ത 'ഹിന്ദുരാഷ്ട്രദള്‍' എന്ന സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു ഗോഡ്‌സേയും നാരായണ്‍ആപ്‌തേയുമെല്ലാം. സവര്‍ക്കറായിരുന്നു ഹിന്ദുമഹാസഭയുടെയും ആര്‍.എസ്.എസിന്റെയും രഹസ്യാലോചനയില്‍ പിറന്ന ഹിന്ദുരാഷ്ട്രദളിന്റെ ബുദ്ധികേന്ദ്രമെന്ന കാര്യം നിരവധി പഠനങ്ങളും അന്വേഷണ ഏജന്‍സികളും തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഒന്നാം സ്വാതന്ത്ര്യസമരവും പഞ്ചാബിലെ കൃഷിക്കാരുടെ ബ്രിട്ടീഷ് കൊളോണിയല്‍ നയങ്ങള്‍ക്കെതിരായ സമരങ്ങളുമാണ് ഹിന്ദുമുസ്ലീം ഐക്യത്തെ തകര്‍ക്കാനുള്ള ആലോചനകളിലേക്ക് ബ്രിട്ടീഷുകാരെയും അവരുടെ ശിങ്കിടികളായ ഇന്ത്യയിലെ സെമീന്ദാര്‍മാരെയും എത്തിച്ചത്. ഇന്ത്യന്‍ നാടുവാഴിത്തത്തിന്റെയും അത് പരിപാലിച്ചുപോന്ന മതാത്മകതയുടെയും അവശേഷിച്ച ദേശസ്‌നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും പലഘടകങ്ങളും ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ അതിന്റെ സാന്ദ്രരൂപത്തില്‍ തന്നെ പ്രതിഫലിക്കുകയുണ്ടായി. ദേശീയ അടിമത്വം അസഹനീയമായി തോന്നിയ പട്ടാളക്കാരുടെയും ജനവിഭാഗങ്ങളുടെയും പ്രത്യേകിച്ച് കര്‍ഷകരുടെയും കൈവേലക്കാരുടെയും സാമൂഹ്യസാമ്പത്തിക പ്രശ്‌നങ്ങളും ചേര്‍ന്നാണ് ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ഭൂമിക ഒരുക്കപ്പെട്ടത്. ബിപിന്‍ചന്ദ്ര 'കമ്യൂണലിസം ഇന്‍ മോഡേണ്‍ ഇന്ത്യ' എന്ന പുസ്തകത്തില്‍ കൊളോണിയല്‍ വിരുദ്ധം എന്നപോലെ അതിന്റെ മൂല്യങ്ങള്‍ക്കും കൂടി എതിരായിട്ടുള്ള ഒരു കത്തിജ്ജ്വലിക്കലായി ഒന്നാം സ്വാതന്ത്ര്യസമരത്തെ നിരീക്ഷിക്കുന്നുണ്ട്. മതാത്മകവും ആധുനികവുമായ വിഭിന്നഘടകങ്ങളുടെ സംയോജനവും ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഉണ്ടായിരുന്നല്ലോ. പന്നിയുടെ കൊഴുപ്പും പശുക്കൊഴുപ്പും ചേര്‍ന്ന തോട്ട തങ്ങളുടെ മതവിശ്വാസത്തെ അപചയപ്പെടുത്തുമെന്ന ധാരണകൂടി ഹിന്ദുമുസ്ലീം പട്ടാളക്കാരെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഒന്നിച്ചുനിര്‍ത്തിയിരുന്നു.
1887ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ രണോത്സുകമായ എത്രയോ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് അയോധ്യയിലേത്. ഹിന്ദുവും മുസല്‍മാനും തോളോടുതോള്‍ ചേര്‍ന്ന് ബ്രിട്ടീഷ് ഭരണത്തെ എതിര്‍ത്തു. ജനങ്ങള്‍ ബ്രിട്ടനെതിരെ പടനയിച്ചപ്പോള്‍ അയോധ്യയിലെ പല മഹന്തുക്കളും ബ്രിട്ടീഷ് പാദസേവകരായി മാറി. അതിന് പാരിതോഷികമായിട്ടുകൂടിയാണ് ബാബ്‌റി മസ്ജിദിനു മുമ്പില്‍ അവര്‍ക്ക് ഭൂമി നല്‍കിയതും ഹിന്ദുമുസ്ലീം ഭിന്നതയുണ്ടാക്കാന്‍ ബ്രിട്ടീഷുകാര്‍ ആസൂത്രിതമായി ശ്രമങ്ങളാരംഭിച്ചതും. പക്ഷേ ദേശാഭിമാനത്തിന്റെ ധീരമായ സ്വപ്‌നങ്ങളും രക്തസാക്ഷിത്വത്തിന്റെ സ്മരണകളുമുള്ള അയോധ്യയിലെ ജനങ്ങള്‍ ബ്രിട്ടീഷുകാരുടെ ഈ വിഭജനതന്ത്രങ്ങളെ അതിജീവിച്ചുവെന്നതാണ് ചരിത്രം. ഫൈസാബാദിലെ മൗലവി അമീര്‍അലിയും മഹന്ത് രാംചരണ്‍ദാസും ഇരുസമുദായങ്ങള്‍ തമ്മിലുള്ള ഭിന്നതക്കിടവരുത്തുന്ന ബ്രിട്ടീഷ് തന്ത്രങ്ങളെ തിരിച്ചറിഞ്ഞ് ഐക്യത്തിനുള്ള അവസരമൊരുക്കി. അവര്‍ക്കിടയിലെ തര്‍ക്കപ്രശ്‌നങ്ങള്‍ രമ്യതയിലെത്തിച്ചു. അതിന് പ്രതികാരമായിട്ടാണല്ലോ 1858 മാര്‍ച്ച് 10-ന് ബ്രിട്ടീഷുകാര്‍ ഈ രണ്ട് ധീരന്മാരെയും പ്രതികാരബുദ്ധിയോടെ തൂക്കിലേറ്റിയത്.
പഞ്ചാബിലെ കര്‍ഷകസമരങ്ങളെ തോക്കുകൊണ്ടുമാത്രം നേരിടാന്‍ കഴിയില്ലെന്നുവന്നപ്പോഴാണ് ഹിന്ദുമുസ്ലീം ഭിന്നതകള്‍ വളര്‍ത്താനുള്ള കുത്സിതശ്രമങ്ങള്‍ സെമീന്ദാര്‍മാരെ മുന്‍നിര്‍ത്തി ബ്രിട്ടീഷുകാര്‍ ആരംഭിച്ചത്. അങ്ങനെയാണ് കാര്‍ഷികപ്രതിസന്ധിക്ക് കാരണം ബ്രിട്ടീഷ് നയങ്ങളല്ല കൃഷിക്കാവശ്യമായ കന്നുകാലികളെ കൊന്നുതിന്നുന്ന മുസ്ലീങ്ങളാണെന്ന പ്രചാരണം വ്യാപകമാക്കി ഗോവധനിരോധനപ്രസ്ഥാനം രൂപപ്പെടുത്തിയത്. മാംസഭുക്കുകളായ മുസ്ലീങ്ങള്‍ മ്ലേച്ഛരാണെന്നും അവര്‍ കൃഷിക്കും പൗരാണിക സംസ്‌കൃതിയുടെ ശുദ്ധിക്കും ഭീഷണിയാണെന്ന പ്രചാരണമാണ് ലാലാലാല്‍ചന്ദിനെ പോലുള്ള ബ്രിട്ടീഷ് ഏജന്റുമാരായ ഹിന്ദുത്വവാദികള്‍ നടത്തിയത്. മുസ്ലീം വിരുദ്ധമായ കലാപങ്ങള്‍ വളര്‍ത്തി ഹിന്ദുമതാധിഷ്ഠിതമായ ധ്രുവീകരണമാണ് ബ്രിട്ടീഷുകാര്‍ ഗോവധപ്രശ്‌നത്തിലൂടെ ലക്ഷ്യമിട്ടത്. ഇന്നിപ്പോള്‍ കോര്‍പ്പറേറ്റ് മൂലധനത്തിന്റെ ലാഭതാല്പര്യങ്ങള്‍ക്ക് രാജ്യത്തിന്റെ സമ്പത്തും വിഭവങ്ങളും അടിയറവെച്ച് ജനങ്ങളെ പട്ടിണിക്കാരാക്കുന്ന മോഡിസര്‍ക്കാരിന്റെ ദേശ-ജനദ്രോഹനയങ്ങള്‍ക്കെതിരെ വളര്‍ന്നുവരുന്ന ജനസമൂഹങ്ങളുടെ പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും വഴിതെറ്റിക്കാനാണ് ഗോവധനിരോധം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുയര്‍ത്തി വര്‍ഗീയധ്രുവീകരണത്തിന് സംഘപരിവാര്‍ ബദ്ധപ്പെടുന്നത്. ഒരു ജനാധിപത്യരാജ്യത്താണ് ഇഷ്ടമുള്ള ഭക്ഷണം സൂക്ഷിച്ചു എന്നതിന്റെ പേരില്‍ മുഹമ്മദ് അഖ്‌ലക് എന്ന 56 വയസ്സുള്ള കര്‍ഷകതൊഴിലാളി നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടിരിക്കുന്നത്. സംഘപരിവാര്‍ ആസൂത്രിതമായി നടത്തുന്ന മനോരോഗസമാനമായ വിദ്വേഷപ്രചരണത്തിന്റെ ഫലമെന്ന നിലയിലാണ് ഒരാള്‍ക്കൂട്ടം മുഹമ്മദ് അഖ്‌ലകിനെ അദ്ദേഹത്തിന്റെ ഭവനത്തില്‍ കയറി തല്ലിക്കൊല്ലുന്നത്. ബി.ജെ.പി നേതൃത്വത്തിന്റെ ആസൂത്രണത്തിലും കാര്‍മ്മികത്വത്തിലുമാണ് ഇത്തരം അനിഷ്ടകരമായ സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രബുദ്ധമെന്ന് കരുതുന്ന കേരളത്തിലാണ് മുഹമ്മദ് അഖ്‌ലകിന്റെ മരണത്തിന് കാരണമായ ഭക്ഷണഫാസിസത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ കോളേജ് മാനേജ്‌മെന്റ് അച്ചടക്കനടപടിക്ക് വിധേയമാക്കുന്നത്. അതിന് കാരണമായി കോളേജ് അധികൃതര്‍ പറഞ്ഞത് നമ്മുടെ വിദ്യാഭ്യാസമേഖലയുടെ മതനിരപേക്ഷ സ്വഭാവത്തെ അപകടപ്പെടുത്തുന്ന വാദങ്ങളാണ്. കലാലയം ക്ഷേത്രങ്ങളാണെന്നും അവിടെ ബീഫ് കയറ്റുന്നത് ക്ഷേത്രാചാരങ്ങള്‍ക്കെതിരാണെന്നുമാണ് കോളേജ് അധികൃതരുടെ അപഹാസ്യമായ വാദം. വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അധ്യാപികക്കെതിരെയും മാനേജ്‌മെന്റ് നടപടിക്കൊരുങ്ങുകയാണത്രേ! എ.ബി.വി.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഗോവധത്തിന്റെ പേരില്‍ നരഹത്യനടത്തുന്ന ഹിന്ദുത്വഫാസിസത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെയും യുവാക്കളെയും കലാശാലകള്‍തോറും വേട്ടയാടുകയാണ്.
നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിലാണ് ആര്‍.എസ്.എസുകാര്‍ ഗോവധനിരോധനം അടിച്ചേല്‍പിക്കുകയും അതിലൂടെ മനുഷ്യന്റെ ഭക്ഷണാവകാശത്തെ കടന്നാക്രമിക്കുകയും ചെയ്യുന്നത്. ഇന്ത്യയുടെ പൗരാണികദര്‍ശനങ്ങളിലും ചരിത്രത്തിലും ഗോവധവും ഗോമാംസവും വര്‍ജ്യമായി കണ്ടിരുന്നില്ലെന്നതാണ് വസ്തുത. നമ്മുടെ വേദങ്ങളും ബ്രാഹ്മണങ്ങളും പുരാണങ്ങളും ഗോമാംസം വര്‍ജ്യമായി പറയുന്നേയില്ല. മാത്രമല്ല ഋഗ്വേദത്തിലെ അനവധി ദേവീദേവന്മാര്‍ ഗോംമാംസഭുക്കുകളുമാണ്. ദേവേന്ദ്രന്റെ തന്നെ ഇഷ്ടഭക്ഷണം ഇളംകാളകളുടെ മാംസവുമാണ്. മഹാഭാരതത്തില്‍ രന്തീദേവന്‍ എന്ന രാജാവിന്റെ ദാനധര്‍മ്മങ്ങളെക്കുറിച്ച് പറയുമ്പോള്‍ വ്യാസമഹര്‍ഷി അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ പാചകപുരയില്‍ ഒരുദിവസം 2000-ലേറെ കാളകളെ അറക്കുമെന്നും ധാന്യങ്ങളോടൊപ്പം ഈ മാംസം ഉദാരമായി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുമെന്നും വിശദീകരിക്കുന്നുണ്ട്. നമ്മുടെ ചരിത്രത്തെയും സംസ്‌കാരത്തെയും തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് ഹിന്ദുത്വശക്തികള്‍ എന്നും ഗോവധ പ്രശ്‌നം ഉയര്‍ത്തിയിട്ടുള്ളത്. ഹിന്ദുത്വമെന്നതുപോലെ പശുരാഷ്ട്രീയവും ഒരു കൊളോണിയല്‍ സൃഷ്ടിയാണെന്നതാണ് ചരിത്രപരമായ യാഥാര്‍ഥ്യം.
(അവസാനിക്കുന്നില്ല)
http://www.chintha.in/index.php/coverstory/1601-2015-10-15-04-51-07
No comments:
Post a Comment