Monday, August 29, 2016

ഏകദൈവ വിശ്വാസത്തിന് ഒരു ഉപനിഷദ് സാക്ഷ്യം

 പ്രഫ. വിനോദ് കുമാര്‍ എടച്ചേരി

'ദൈവം ഏകനാണ്, അവനെ മാത്രം ആരാധിക്കുക' എന്ന സന്ദേശവുമായി  പ്രവാചകന്മാര്‍ എല്ലാ സമൂഹങ്ങളിലും നിയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന് ഖുര്‍ആന്‍ പറയുന്നു. ഇന്ത്യാ മഹാരാജ്യത്തും പ്രവാചകന്മാര്‍ നിയുക്തരായിട്ടുണ്ടെന്ന് സ്വാഭാവികമായും കരുതാവുന്നതാണ്. ഏകദൈവത്തെക്കുറിച്ച് സംസാരിക്കുന്ന, പ്രവാചകഗ്രന്ഥങ്ങളെന്ന് കരുതാവുന്ന നിരവധി ഗ്രന്ഥങ്ങള്‍ ഭാരതത്തിലുണ്ട്. ബഹുദേവാരാധനയെ ന്യായീകരിക്കാന്‍ ചിലര്‍ പ്രമാണമായി ഉദ്ധരിക്കുന്ന ഹൈന്ദവഗ്രന്ഥങ്ങളില്‍പോലും ഏകദൈവാരാധനയെ പ്രകീര്‍ത്തിക്കുന്ന അനവധി വാക്യങ്ങള്‍ കാണാന്‍ കഴിയും. 
ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നീ നാല് ഹൈന്ദവവേദങ്ങളിലും എല്ലാ ദേവന്മാരുടെയും നാഥനായ, പരമാധികാരിയായ ഏകദൈവത്തെക്കുറിച്ച് പറയുന്ന അനേകം വാക്യങ്ങളുണ്ട്. സദാചാര-ധാര്‍മിക നിയമങ്ങളടങ്ങിയ  മനുസ്മൃതി  ആരംഭിക്കുന്നതും അവസാനിക്കുന്നതും ഏകദൈവ സ്തുതിയോടെയാണ്.
ഭഗവദ്ഗീതയും ദേവതാരാധനയെ തള്ളിപ്പറയുന്നു. ദേവതകളെ ആരാധിക്കുന്നവര്‍ അല്‍പബുദ്ധികളാണെന്നും അവര്‍ക്ക് അതുകൊണ്ടുണ്ടാകുന്ന ഫലം നശ്വരമായിരിക്കും എന്നുമാണ് ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ പറയുന്നത്. എന്നാല്‍ യഥാര്‍ഥ ദൈവത്തെ ആരാധിക്കുന്നവര്‍ക്ക് മോക്ഷപ്രാപ്തി ഉണ്ടാകുമെന്നും ഭഗവദ്ഗീത പറയുന്നു (7-23). 
നാരദഭക്തിസൂത്രം ഈശ്വരവിശ്വാസത്തെ മൂന്നു വിധമായി തിരിച്ചിരിക്കുന്നു; ഉത്തമം, മധ്യമം, അധമം. ബഹുദൈവവിശ്വാസവും വിഗ്രഹാരാധനയും അധമം എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.
ഏകദൈവത്തിന്റെ ഗുണഗണങ്ങളെ പ്രകീര്‍ത്തിക്കാന്‍ ഉപനിഷത്തുകള്‍ മത്സരിക്കുന്നു. ആകെ 112 ഉപനിഷത്തുകളാണുള്ളത്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഈശം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, മാണ്ഡൂക്യം, തൈത്തിരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നീ 10 ഉപനിഷത്തുകളാണ്. ഇവക്ക് ശങ്കരാചാര്യര്‍ ഭാഷ്യം രചിച്ചിട്ടുണ്ട്. ഇവ ദശോപനിഷത്തുകള്‍ എന്നറിയപ്പെടുന്നു. 
എല്ലാ ഉപനിഷത്തുകളും ബഹുദേവാരാധനയെ തിരസ്‌കരിക്കുകയും ഏകദൈവാരാധനയെ വാഴ്ത്തുകയും ചെയ്യുന്നു. കഠോപനിഷത്തിലെ 'മൃത്യോസമൃത്യുമാപ്‌നോതി യ നാനേവ പശ്യതി' (പലതിനെ കാണുന്നവര്‍ മൃത്യുവില്‍നിന്ന് മൃത്യുവെ പ്രാപിക്കുന്നു) എന്ന വാക്യവും കേനോപനിഷത്തിലെ 'ആളുകള്‍ ബ്രഹ്മമെന്ന് കരുതി ആരാധിക്കുന്നതൊന്നും ബ്രഹ്മമല്ല' (കേനോപനിഷത്ത്-6) എന്ന പ്രസ്താവവും ചില ഉദാഹരണങ്ങള്‍ മാത്രം.                   
ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത് ദശോപനിഷത്തുകള്‍ക്കുപുറമെ ശങ്കരാചാര്യര്‍ ഭാഷ്യം രചിച്ചിട്ടുള്ള ഏക ഉപനിഷത്തായ ശ്വേതാശ്വതരോപനിഷത്താണ്. ആറ് അധ്യായങ്ങളിലായി 113 മന്ത്രങ്ങള്‍ മാത്രമുള്ള ഒരു ചെറിയ ഉപനിഷത്താണിത്. ആത്മസാക്ഷാല്‍ക്കാരം ലഭിച്ച ശ്വേതാശ്വതര മഹര്‍ഷി തന്റെ സന്ന്യാസി ശിഷ്യര്‍ക്കുപദേശിച്ചതാണ് ഈ ഉപനിഷത്ത്.
ജഗത്കാരണത്തെപ്പറ്റിയുള്ള വിചാരത്തോടുകൂടിയാണ് ഈ ഉപനിഷത്ത് ആരംഭിക്കുന്നത്. ശ്വേതാശ്വതര മഹര്‍ഷിയുടെ സത്യാന്വേഷികളായ സന്ന്യാസിശിഷ്യര്‍ ഗുരുവായ ഋഷിയോട് ആധ്യാത്മിക രഹസ്യങ്ങളെക്കുറിച്ച് ചോദിക്കുകയാണ്. എന്താണ് ഈ പ്രപഞ്ചത്തിന്റെ  കാരണമായിരിക്കുന്നത്? ആരുടെ ശക്തികൊണ്ടാണ് നിലനില്‍ക്കുന്നത്? നാമെല്ലാം എവിടെനിന്നുവന്നു? എവിടേക്കാണ് മടക്കം? സുഖദുഃഖങ്ങളെ നിയന്ത്രിക്കുന്ന ശക്തി ഏതാണ്? ഇങ്ങനെയുള്ള ചോദ്യങ്ങളോടെയാണ് ഈ ഉപനിഷത്ത് ആരംഭിക്കുന്നത്.
എല്ലാറ്റിന്റെയും അധിഷ്ഠാതാവും നിയന്താവും പ്രേരകനുമായ പരമാത്മാവ് തന്നെയാണ് ജഗത്തിന്റെ കാരണമായ ശക്തിവിശേഷമെന്ന് ശ്വേതാശ്വതര മഹര്‍ഷി അവരോട് ഉണര്‍ത്തുന്നു:

ക്ഷരം പ്രധാനമമൃതാക്ഷരം ഹരഃ
ക്ഷരാത്മാനാവീശതേ ദേവ ഏകഃ
തസ്യാഭിധ്യാനാദ് യോജനാത്തത്ത്വഭാവാദ്
ഭൂയശ്ചാന്തേ വിശ്വമായാനിവൃത്തിഃ (1-10)
(പ്രകൃതി നാശമുള്ളതാകുന്നു. ഈശ്വരന്‍ നാശമില്ലാത്തവനും നിത്യനുമാകുന്നു. ഏകനായ ഈശ്വരന്‍ നശ്വരമായ പ്രകൃതിയെയും ജീവാത്മാവിനെയും നിയന്ത്രിക്കുന്നു.  ആ ഈശ്വരനെ ധ്യാനിക്കുന്നതുകൊണ്ടും അദ്ദേഹത്തില്‍ വിലയം പ്രാപിക്കുന്നതുകൊണ്ടും ജീവാത്മാവിന് മായയില്‍നിന്ന് മോക്ഷം പ്രാപിക്കാന്‍ സാധിക്കുന്നു). 
ഏകനായ ഈശ്വരനെ, അഥവാ ബ്രഹ്മത്തെ അറിയുമ്പോള്‍ അവിദ്യാ കാമകര്‍മങ്ങളാകുന്ന ക്ലേശങ്ങളെല്ലാം നശിച്ചുപോകുമെന്ന് ശ്വേതാശ്വതര മഹര്‍ഷി പറയുന്നു.
ഈ ദേവന്‍ എല്ലാ ദിക്കുകളും അവാന്തര ദിക്കുകളും വ്യാപിച്ച് സ്ഥിതിചെയ്യുന്നു (2-16). പ്രപഞ്ചത്തില്‍ സര്‍വത്ര വ്യാപിച്ചിരിക്കുന്നത് ഏകേശ്വര ചൈതന്യം മാത്രമാണെന്നും ആ ബ്രഹ്മചൈതന്യത്തെ നമസ്‌കരിക്കണമെന്നും ഈ ഉപനിഷത്ത് ആവശ്യപ്പെടുന്നു.

യ ഏകോ ജാലവാനീശത ഈശനീഭിഃ
സര്‍വാംല്ലോകാനീശത ഈശനീഭിഃ
യ ഏവൈക ഉദ്ഭവേ സംഭവേ ച            
യ ഏതദ് വിദുരമൃതാസ്‌തേ ഭവന്തി (3-1)
(മായാവിയും ഏകനുമായ യാതൊരുവനാണോ തന്റെ മായാശക്തികളെക്കൊണ്ട് എല്ലാ ലോകങ്ങളെയും പാലിച്ചുകൊണ്ടിരിക്കുന്നത്, ആ ബ്രഹ്മസ്വരൂപിയായ ദേവനെ അറിയുന്നവര്‍ ജനനമരണരഹിതമായ അവസ്ഥയെ പ്രാപിക്കുന്നു).

ഏകോ ഹി രുദ്രോ ന ദ്വിതീയായ തസ്ഥു-
ര്യ ഇമാംല്ലോകാനീശത ഈശനീഭിഃ
പ്രത്യങ്ജനാ സ്തിഷ്ഠതി സംചുകോചാന്തകാലേ
സംസൃജ്യ വിശ്വാ ഭുവനാനി ഗോപാഃ  (3-2)
(തന്റെ മായാശക്തികളെക്കൊണ്ട് ഈ ലോകങ്ങളെയെല്ലാം ഭരിക്കുന്ന ആ ഈശ്വരന്‍ ഒന്നുമാത്രമേയുള്ളൂ. അത് രണ്ടാമതൊന്നിനെ ആശ്രയിക്കുന്നില്ല. എല്ലാ ലോകങ്ങളെയും സൃഷ്ടിച്ച് രക്ഷിച്ച് അവസാനം തന്നിലേക്കുതന്നെ ഉപസംഹരിക്കുകയും ചെയ്യുന്നു). 

വിശ്വതശ്ചക്ഷുരുത വിശ്വതോമുഖോ
വിശ്വതോബാഹുരുത വിശ്വതസ്പാത്
സംബാഹുഭ്യാം ധമതി സംപതത്രൈര്‍-
ദ്യാവാഭൂമീ ജനയന്‍ ദേവ ഏകഃ  (3-3)
(സ്വര്‍ഗവും ഭൂമിയും സൃഷ്ടിക്കുന്ന ദേവന്‍ ഏകനാണെങ്കിലും എല്ലായിടത്തും  കണ്ണും മുഖവും കൈയും കാലുമുള്ളവനാകുന്നു). 
വേദങ്ങളിലൂടെ ഭക്തന്മാരെ രക്ഷിച്ച് അവര്‍ക്ക് മംഗളം നല്‍കുന്നവനായി ഈശ്വരനെ വാഴ്ത്തുകയാണ് തുടര്‍ന്നുള്ള ശ്ലോകങ്ങളില്‍. എല്ലാറ്റിന്റെയും പ്രഭുവായ പരബ്രഹ്മത്തെ സാക്ഷാത്കരിച്ച് സാധകന്മാര്‍ മരണരഹിതരായിത്തീരുന്നു എന്നും ഈ ഉപനിഷത്ത് പറയുന്നു.
ഏതൊന്നില്‍നിന്ന് ഉത്കൃഷ്ടമായും അന്യമായും യാതൊന്നും തന്നെയില്ലയോ ആ പരബ്രഹ്മത്താല്‍ പൂര്‍ണമാണ് ഈ ജഗത്തെല്ലാം (3-9). 
പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സംരക്ഷകനും സംഹാരകനും വേറെ വേറെ ദൈവങ്ങളല്ലെന്നും ഇതെല്ലാം ഏകദൈവത്തിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളാണെന്നും ഈ ഉപനിഷത്ത് അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു. ആരുടെയും സഹായമില്ലാതെ ആ ഈശ്വരന്‍ ഏകനായിത്തന്നെ ഈ ലോകങ്ങളെ സൃഷ്ടിക്കുകയും രക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നു.
ഈ ദേവന്‍ സര്‍വജ്ഞനും സര്‍വശക്തനും ലോകത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരാദികള്‍ക്ക് അധിപതിയും സര്‍വോത്കൃഷ്ടമായ പരമപദത്തെ പ്രദാനം ചെയ്യുന്നവനും ശാശ്വതജ്യോതിസ്വരൂപനുമാകുന്നു (3-12). 
എല്ലാ വേദങ്ങളാലും വാഴ്ത്തപ്പെടുന്നത് ഏകനായ ഈശ്വരനാണെന്ന് ഈ ഉപനിഷത്ത് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്.
എല്ലാ ദേവന്മാര്‍ക്കും ആശ്രയമായിട്ടുള്ളതും എല്ലാ വേദങ്ങളാലും പുകഴ്ത്തപ്പെടുന്നതുമായ ബ്രഹ്മത്തെ അറിയാത്തവര്‍ക്ക് വേദപഠനം കൊണ്ട് എന്തുകാര്യം? ആ ബ്രഹ്മത്തെ മാത്രം അറിയുന്നവര്‍ സംതൃപ്തരായിരിക്കുന്നു (4-8).                                 
ആരാണോ ഏകനാണെങ്കിലും എല്ലാറ്റിലും സ്ഥിതിചെയ്യുന്നത്, ആരിലാണോ ഈ പ്രപഞ്ചം മുഴുവന്‍ ലയിക്കുകയും വീണ്ടും വിവിധ നിലയില്‍ ഉത്ഭവിക്കുകയും ചെയ്യുന്നത്, എല്ലാറ്റിന്റെയും നിയന്താവും വേദങ്ങളാല്‍ വാഴ്ത്തപ്പെടുന്നവനുമായ ആ പരംജ്യോതിസ്വരൂപനെ സാക്ഷാത്കരിക്കുമ്പോള്‍ ആത്യന്തികമായ ശാന്തിയെ പ്രാപിക്കുന്നു (4-11).        
എല്ലാ ദേവന്മാരുടെയും അധിപതിയും ലോകങ്ങളുടെയെല്ലാം ആശ്രയവും സര്‍വപ്രാണികളെയും ഭരിക്കുന്നവനും ആനന്ദസ്വരൂപനുമായ ആ ദേവനെ നാമാരാധിക്കുന്നു (4-13).
ഉത്ഭവവും നാശവുമില്ലാത്തവനായും പ്രകൃതിയുടെ എല്ലാ ഭാവങ്ങളിലും എല്ലാ രൂപങ്ങളിലും എല്ലാ ഉല്‍പത്തിസ്ഥാനങ്ങളിലും അധിഷ്ഠാനംചെയ്ത് സര്‍വവ്യാപിയായിരിക്കുന്നവനായും അഞ്ചാം അധ്യായത്തില്‍ ഈശ്വരനെ വാഴ്ത്തുന്നു. 
ആദിയും അന്തവും ഇല്ലാത്തവനും ജഗത്തിന്റെ സൃഷ്ടികര്‍ത്താവും പ്രപഞ്ചം മുഴുവന്‍ ആവരണം ചെയ്തിരിക്കുന്നവനും ജ്യോതിസ്വരൂപനുമായ പരമാത്മാവിനെ സ്വന്തം ഹൃദയത്തില്‍ സാക്ഷാത്കരിക്കുമ്പോള്‍ സര്‍വവിധ മായാബന്ധങ്ങളില്‍നിന്നും മുക്തനായിത്തീരുന്നു (5-13). 
ഇക്കാണുന്ന പ്രപഞ്ചമെല്ലാം സര്‍വദാ വ്യാപിച്ചിരിക്കുന്നവനും ജ്ഞാനസ്വരൂപനും ഗുണപൂര്‍ണനും സര്‍വജ്ഞനും ആയ പരമാത്മാവിന്റെ ഇഛക്കനുസരിച്ചാണ് എല്ലാം സംഭവിക്കുന്നത് (6-2). 
ആ ദേവന് അധിപതിയായിട്ടോ നിയന്താവായിട്ടോ ലോകത്തില്‍ ആരുമില്ലെന്നും എല്ലാറ്റിന്റെയും ഉല്‍പത്തിക്കും നിലനില്‍പിനും കാരണമായ പരമാത്മാവില്‍ അദ്ധ്യസ്തമാണ് ഈ ജഗത്ത് എന്നും ഈ ഉപനിഷത്ത് പ്രഖ്യാപിക്കുന്നു.

ഏകോ ദേവഃ സര്‍വഭൂതേഷു ഗൂഢഃ
സര്‍വവ്യാപീ സര്‍വ ഭൂതാന്തരാത്മാ
കര്‍മാധ്യക്ഷഃ സര്‍വഭൂതാധിവാസഃ
സാക്ഷീ ചേതാ കേവലോ നിര്‍ഗുണശ്ച (6-11)
(ഏകനായ പരമാത്മാവ് എല്ലാ ജീവികളുടെയും ഹൃദയങ്ങളില്‍ ഒളിഞ്ഞിരിക്കുന്നു. സര്‍വവ്യാപിയായ ആ ഈശ്വരന്‍ എല്ലാ കര്‍മങ്ങളെയും നിയന്ത്രിക്കുന്നവനും എല്ലാ ജീവികള്‍ക്കും ആശ്രയമായിട്ടുള്ളവനും സര്‍വസാക്ഷിയും ജഡങ്ങളായ ഇന്ദ്രിയങ്ങള്‍ക്ക് പ്രവര്‍ത്തനശക്തി നല്‍കുന്നവനും നിരുപാധികനും നിരാകാരനുമാകുന്നു). 
ബ്രഹ്മതത്ത്വത്തെ വിശദമായി പ്രതിപാദിക്കുന്ന ഈ ഉപനിഷത്ത് വളരെ ശ്രേഷ്ഠമായി കരുതപ്പെടുന്നു. ജഗത്കാരണത്തെപ്പറ്റി ചിന്തിച്ചുകൊണ്ട് ആരംഭിക്കുന്ന ഈ ഉപനിഷത്ത് എല്ലാറ്റിനും അധിഷ്ഠാനമായി വാഴുന്നത് ഏകനായ പരമാത്മാവാണെന്നും ആ ദേവന്‍ നിരാശ്രയനാണെന്നും പ്രഖ്യാപിക്കുന്നു. ഏകവും അദ്വിതീയവുമായ ആ പരമാത്മതത്ത്വത്തെ സഗുണസാകാര രൂപത്തിലും അന്തര്യാമിയായും വിരാടരൂപിയായും ഒടുവില്‍ നിര്‍ഗുണ നിരാകാര രൂപത്തിലും വിവരിക്കുന്നു. ഈ പരമാത്മജ്ഞാനംകൊണ്ടു മാത്രമേ സംസാര ദുഃഖനിവൃത്തി ഉണ്ടാവുകയുള്ളൂ എന്നും സമര്‍ഥിക്കുന്നു. സാംഖ്യ യോഗ ദര്‍ശനങ്ങള്‍ സമന്വയിച്ച ഈ ഉപനിഷത്ത്, ദൈ്വതികളും അദൈ്വതികളുമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്നു. ദശോപനിഷത്ത് പഠനംകൊണ്ട് വിജ്ഞാനദൃഢത കിട്ടിയില്ലെങ്കില്‍ ശ്വേതാശ്വതരോപനിഷത്ത് നിര്‍ബന്ധമായി പഠിക്കാന്‍ മുക്തികോപനിഷത്ത് നിര്‍ദേശിക്കുന്നു. 

Wednesday, August 3, 2016

എങ്ങനെയാണ് ബ്രാഹ്മണന്‍മാര്‍ സസ്യാഹാരികളായി മാറിയത്?


ഡോ. ബി.ആര്‍ അംബേദ്കര്‍
ഒരുകാലത്ത് ബ്രഹ്മണന്‍മാര്‍ വലിയ ബീഫ് തീറ്റക്കാരായിരുന്നു. ബ്രാഹ്മണന്‍മാര്‍ ക്ഷണിക്കപ്പെടാത്ത ഒരു ഗോബലിയും അന്ന് നടന്നിരുന്നില്ല. തങ്ങള്‍ നടത്തുന്ന ഗോബലിയിലേക്ക് അബ്രാഹ്മണന്‍മാര്‍ ബ്രാഹ്മണന്‍മാരെ ക്ഷണിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ബ്രാഹ്മണന്‍മാര്‍ നന്നായി ബീഫ് കഴിച്ചിരുന്നു. മിണ്ടാപ്രാണികളെ കുരുതികൊടുക്കുന്നതല്ലാതെ മറ്റെന്താണ് ബ്രാഹ്മണന്‍മാരുടെ യജ്ഞങ്ങള്‍.
തലമുറകളോളം ബ്രാഹ്മണന്‍മാര്‍ ബീഫ് കഴിച്ചിരുന്നു. പിന്നെന്തുകൊണ്ടാണ് അവര്‍ ബീഫ് കഴിക്കുന്നത് ഉപേക്ഷിച്ച് പൂര്‍ണ്ണമായും സസ്യാഹാരികള്‍ മാത്രമായി മാറിയത്? ഒന്നായി തീര്‍ന്ന രണ്ട് വിപ്ലവങ്ങളാണിത്.

അവരുടെ ദൈവിക നിയമനിര്‍മാതാവായ മനുവിന്റെ പ്രബോധനപ്രവര്‍ത്തനങ്ങളുടെ ഫലമായൊന്നുമല്ല അങ്ങനെ സംഭവിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് വിപ്ലവം നടന്നത്. എന്താണ് ഇത്തരമൊരു നിലപാട് കൈകൊള്ളുന്നതിന് ബ്രാഹ്മണന്‍മാരെ പ്രേരിപ്പച്ചത്? തത്വശാസ്ത്രത്തിന് ഇതില്‍ ഉത്തരവാദിത്തമുണ്ടോ? അതോ അതൊരു നയതന്ത്രമായിരുന്നോ?
എന്നെ സംബന്ധിച്ചിടത്തോളം, ബ്രാഹ്മണര്‍ ബീഫ് തീറ്റ ഉപേക്ഷിച്ച് പശുവിനെ ആരാധിക്കാന്‍ തുടങ്ങിയത് ഒരു തന്ത്രമായിരുന്നു. പശു ആരാധനയിലേക്കുള്ള സൂചനകള്‍ ബുദ്ധിസവും ബ്രാഹ്മണിസവും തമ്മിലുണ്ടായ കലഹത്തില്‍ നിന്നും, ബുദ്ധിസത്തിന് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ബ്രാഹ്മണിസം കൈകൊണ്ട് നടപടികളില്‍ നിന്നും കണ്ടെത്താന്‍ കഴിയും.
ഇന്ത്യന്‍ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ് ബുദ്ധമതവും ബ്രാഹ്മണമതവും തമ്മിലുള്ള കലഹം. ഈ വസ്തുത തിരിച്ചറിയാതെ, ഹിന്ദുയിസത്തിന്റെ ചില വിശേഷഗുണങ്ങള്‍ വിശദീകരിക്കുക സാധ്യമല്ല. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇന്ത്യന്‍ ചരിത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ കലഹത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടില്ല. ഇവിടെ ബ്രാഹ്മണന്‍മാര്‍ ഉണ്ടായിരുന്നു എന്ന് അവര്‍ക്കറിയാം. പക്ഷെ ആധിപത്യത്തിന് വേണ്ടി ഈ രണ്ട് വിശ്വാസധാരകള്‍ ഏര്‍പ്പെട്ട പോരാട്ടത്തെ കുറിച്ച് അവര്‍ ബോധവാന്‍മാരല്ല. 400 വര്‍ഷക്കാലം നീണ്ടുനിന്ന അവരുടെ ആ പോരാട്ടം ഇന്ത്യയുടെ മത, സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ മായാത്ത ചില പാടുകള്‍ അവശേഷിപ്പിച്ചിട്ടാണ് കടന്ന് പോയത്.
പ്രസ്തുത പോരാട്ടത്തിന്റെ മുഴുചരിത്രവും ഇവിടെ വിശദീകരിക്കുക സാധ്യമല്ല. ചില പ്രധാന കാര്യങ്ങള്‍ മാത്രം സൂചിപ്പിക്കാം. ബുദ്ധമതമായിരുന്നു ഒരിക്കല്‍ ഇന്ത്യയിലെ ഭൂരിപക്ഷമതം. ഭൂരിപക്ഷ ജനതയുടെ മതമായി അത് ഒരുപാട് കാലം തുടര്‍ന്നു. അത് ബ്രാഹ്മണമതത്തെ നാല്പാട് നിന്നും ആക്രമിച്ചു. മുമ്പ് ഒരു മതവും ധൈര്യപ്പെടാത്ത കാര്യമായിരുന്നു അത്.
ബ്രാഹ്മണമതം ക്ഷയിക്കാന്‍ തുടങ്ങി. ക്ഷയിച്ചില്ലെങ്കിലും അത് പ്രതിരോധത്തിലായി. ബുദ്ധിസത്തിന്റെ വ്യാപനത്തിന്റെ ഫലമായി, രാജസദസ്സിലും, ജനങ്ങള്‍ക്കിടയിലും ഉണ്ടായിരുന്നു അധികാരവും, ശക്തിയും, കീര്‍ത്തിയും ബ്രാഹ്മണമതത്തിന് നഷ്ടപ്പെട്ടു.
ബുദ്ധമതത്തിന്റെ കൈയ്യില്‍ നിന്നേറ്റ പരാജയത്തില്‍ ബ്രാഹ്മണന്‍മാര്‍ അതീവദുഃഖിതരായിരുന്നു. നഷ്ടപ്പെട്ട അധികാരശക്തിയും, കീര്‍ത്തിയും തിരിച്ച് പിടിക്കാന്‍ സാധ്യമായ എല്ലാശ്രമങ്ങളും അവര്‍ നടത്തി നോക്കി. ജനമനസ്സുകളില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ ബുദ്ധമതത്തിന് കഴിഞ്ഞിരുന്നു. ബുദ്ധമതത്തിന്റെ രീതികളും ശൈലികളും സ്വീകരിക്കുകയും, ബുദ്ധമതം അതിന്റെ അങ്ങേയറ്റം തീവ്രതയില്‍ അനുഷ്ഠിക്കുകയും ചെയ്യുകയല്ലാതെ വേറൊരുവഴിയും ബുദ്ധമതത്തെ തോല്‍പ്പിക്കാന്‍ ബ്രാഹ്മണന്‍മാര്‍ക്ക് മുന്നില്‍ ഇല്ലായിരുന്നു.
ബുദ്ധന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ ബുദ്ധപ്രതിമകള്‍ നിര്‍മിക്കുകയും, സ്തൂപങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ബ്രാഹ്മണന്‍മാര്‍ ഇത് പിന്തുടര്‍ന്നു. അവര്‍ പിന്നീട് അമ്പലങ്ങള്‍ നിര്‍മിക്കാനും, ശിവന്‍, വിഷ്ണു, രാമന്‍, കൃഷ്ണന്‍ തുടങ്ങിയവരുടെ വിഗ്രഹങ്ങള്‍ അമ്പലങ്ങളില്‍ പ്രതിഷ്ഠിക്കാനും തുടങ്ങി. ബുദ്ധാരാധനയില്‍ നിന്നും ആളുകളുടെ ശ്രദ്ധതിരിച്ച് വിടുക എന്നതായിരുന്നു ഇതിന്റെയെല്ലാം മുഖ്യലക്ഷ്യം.
ഇങ്ങനെയാണ് ബ്രാഹ്മണമതത്തില്‍ മുമ്പ് ഇല്ലാതിരുന്ന അമ്പലങ്ങളും, വിഗ്രഹങ്ങളും ഹിന്ദുമതത്തിലേക്ക് കടന്ന് വന്നത്.
യജ്ഞങ്ങളും, മൃഗബലിയും, പ്രത്യേകിച്ച് ഗോഹത്യ, ഉള്‍ക്കൊള്ളുന്ന ഹിന്ദുമതത്തെ ബുദ്ധിസ്റ്റുകള്‍ തള്ളികളഞ്ഞു. ജനമനസ്സുകളില്‍ ഗോഹത്യക്കെതിരെയുള്ള നിലപാട് ശക്തമായിരുന്നു. കാരണം അവരൊരു കാര്‍ഷിക സമൂഹമായിരുന്നു. പശു അവരെ സംബന്ധിച്ച് വളരെ ഉപകാരമപ്രദമായ ഒരു മൃഗവും.
പശുവിനെ കൊല്ലുന്നവര്‍ എന്ന കാരണത്താല്‍ ബ്രാഹ്മണന്‍മാര്‍ വെറുപ്പിന് പാത്രമായിരുന്നു. ഇക്കാരണത്താല്‍, ഗോഹത്യയും, മൃഗബലി നടക്കുന്ന യജ്ഞങ്ങളും ഉപേക്ഷിക്കുകയല്ലാതെ ബുദ്ധമതത്തിനെതിരെ വിജയം വരിക്കാന്‍ ബ്രാഹ്മണന്‍മാര്‍ക്ക് മുന്നില്‍ വേറൊരു മാര്‍ഗവും ഇല്ലായിരുന്നു.
ബുദ്ധഭിക്ഷുക്കളില്‍ നിന്നും ആധിപത്യം തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രാഹ്മണന്‍മാര്‍ ബീഫ് തീറ്റ ഉപേക്ഷിച്ചത് എന്നതിനുള്ള തെളിവാണ് ബ്രാഹ്മണന്‍മാരുടെ വെജിറ്റേറിയനിസം സ്വീകരണം. എന്തിനാണ് ബ്രാഹ്മണന്‍മാര്‍ വെജിറ്റേറിയന്‍മാരായി മാറിയത്? വെജിറ്റേറിയന്‍മാരായി മാറാതെ ബുദ്ധമതം കാരണം നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാന്‍ ബ്രാഹ്മമണന്‍മാര്‍ക്ക് കഴിയില്ല എന്നതാണ് അതിനുള്ള ഉത്തരം.
ബുദ്ധമതവുമായി താരതമ്യം ചെയ്യുമ്പോള്‍ സാമൂഹിക സമ്മതിയുടെ കാര്യത്തില്‍ ബ്രാഹ്മണമതത്തിന് തിരിച്ചടിയായ ഒരു ഘടകത്തെ കുറിച്ച് നാമിവിടെ ഓര്‍ക്കേണ്ടതുണ്ട്. മൃഗബലിയായിരുന്നു അത്. ബ്രാഹ്മണമതത്തിന്റെ ആത്മാവായ മൃഗബലിയെ ബുദ്ധമതം നിശിതമായി എതിര്‍ത്തിരുന്നു.
ഒരു കാര്‍ഷികസമൂഹത്തില്‍ ബുദ്ധമതം ബഹുമാനിക്കപ്പെടുകയും, ഗോഹത്യയടക്കമുള്ള മൃഗബലിയിയില്‍ ആറാടിയിരുന്ന ബ്രാഹ്മണമതം എതിര്‍ക്കപ്പെടുകയും ചെയ്യുന്നത് സ്വാഭാവികം മാത്രം. നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാന്‍ ബ്രാഹ്മണന്‍മാര്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക? ബുദ്ധഭിക്ഷുക്കളേക്കാള്‍ ഒരുപടി കൂടി കടന്ന് ബീഫ് തീറ്റ ഉപേക്ഷിക്കുക മാത്രമല്ല, സസ്യാഹാരം മാത്രം ഭക്ഷിക്കുക- അതാണ് അവര്‍ ചെയ്തത്. വെജിറ്റേറിയന്‍മാരായി മാറുന്നതിലൂടെ ബ്രാഹ്മണന്‍മാര്‍ ലക്ഷ്യം വെച്ചത് ഇതായിരുന്നെന്ന് ഒരുപാട് തരത്തിലൂടെ തെളിയിക്കാന്‍ സാധിക്കും.
മൃഗബലി തെറ്റാണെന്ന ബോധ്യത്തില്‍ നിന്നാണ് ബ്രാഹ്മണന്‍മാരുടെ ഈ നടപടിയെങ്കില്‍, ബലിയായി മൃഗങ്ങളെ കൊന്നുതള്ളുന്നത് ഉപേക്ഷിക്കുക മാത്രമേ അവര്‍ ചെയ്യേണ്ടതുള്ളൂ. അവര്‍ക്ക് വെജിറ്റേറിയന്‍മാരായി മാറേണ്ട യാതൊരു ആവശ്യവുമില്ല. ഇതില്‍ നിന്നു തന്നെ അവരുടെ ലക്ഷ്യങ്ങള്‍ മറ്റെന്തൊക്കെയോ ആണെന്ന് വ്യക്തമാണ്.
വെജിറ്റേറിയന്‍മാരായി മാറേണ്ട യാതൊരു ആവശ്യവും അവര്‍ക്കില്ല. കാരണം ബുദ്ധഭിക്ഷുക്കള്‍ വെജിറ്റേയന്‍മാരായിരുന്നില്ല. ഈ പ്രസ്താവന ഒരുപാടാളുകളെ അത്ഭുതപ്പെടുത്തിയേക്കാം. കാരണം അഹിംസയും ബുദ്ധിസവുമായുള്ള ബന്ധം ആഴമേറിയതാണ് എന്നാണല്ലോ പൊതുവേയുള്ള ധാരണ. ബുദ്ധഭിക്ഷുക്കള്‍ മാംസാഹാരം വര്‍ജ്ജിച്ചവരാണെന്നാണ് പൊതുവേ ജനങ്ങളുടെ വിശ്വാസം. ഇത് തെറ്റാണ്.
ശുദ്ധമാംസങ്ങള്‍ എന്ന കണക്കാക്കപ്പെടുന്ന മൂന്ന് തരം മാംസങ്ങള്‍ ബുദ്ധഭിക്ഷുക്കള്‍ക്ക് അനുവദനീയമായിരുന്നു എന്നാണ് വസ്തുത. പിന്നീടത് അഞ്ച് തരമായി വര്‍ദ്ധിച്ചു. ബുദ്ധഭിക്ഷുക്കള്‍ മാംസം ഭക്ഷിക്കുന്നവരായിരുന്നു എന്നിരിക്കെ ബ്രാഹ്മണന്‍മാര്‍ക്ക് അത് ഒഴിവാക്കേണ്ട യാതൊരു ആവശ്യവുമില്ല. പിന്നെന്തു കൊണ്ടാണ് ബ്രാഹ്മണന്‍മാര്‍ മാംസാഹാരം ഉപേക്ഷിച്ച് സസ്യാഹാരികളായി മാറിയത്?
തീവ്രവാദത്തെ തീവ്രവാദം കൊണ്ട് തന്നെ തോല്‍പ്പിക്കുക. ഇതാണ് ഇടതുപക്ഷ വാദികളെ കീഴടക്കാന്‍ വലതുപക്ഷവാദികള്‍ ഉപയോഗിക്കുന്ന തന്ത്രം. ബുദ്ധന്‍മാരേക്കാള്‍ ഒരുപടി കൂടി മുന്‍കടന്ന് സസ്യാഹാരികളായി മാറുക എന്നത് മാത്രമായിരുന്നു ബുദ്ധന്‍മാരെ തോല്‍പ്പിക്കാന്‍ ബ്രാഹ്മണന്‍മാര്‍ കണ്ട ഏകവഴി.
(ഡോ. ബി.ആര്‍ അംബേദ്കറിന്റെ The Untouchables: Who Were They and Why They Became Untouchables? (1948) എന്ന രചനയില്‍ നിന്നുള്ള ഒരു ചെറിയ ഭാഗം)